വിദേശ യൂണിവേഴ്സിറ്റികളുടെ സഹായത്തോടെയുള്ള പഠനം സ്വപ്നം കാണുന്നുണ്ടോ; എളുപ്പം സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ ചെയ്യേണ്ടത്

 

ഇന്ത്യയിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് വിദേശ യൂണിവേഴ്സിറ്റികളില്‍ ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസ അവസരങ്ങളാണ് ഇതുവഴി ലഭിക്കുന്നത്. എന്നാല്‍ ഇത്തരം സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള മത്സരവും കടുത്തതാണ്. സ്‌കോളര്‍ഷിപ്പുകള്‍ നേടി പഠിക്കാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള മുന്നൊരുക്കങ്ങള്‍ ഒരുവര്‍ഷം മുമ്പേ തുടങ്ങണം.

ട്യൂഷന്‍ ഫീസിന്റെ 20-25 ശതമാനം മുതല്‍ നൂറുശതമാനം വരെ സ്‌കോളര്‍ഷിപ്പായി ലഭിക്കാം. ഓരോ യൂണിവേഴ്സിറ്റികള്‍ക്കും കോഴ്സുകള്‍ക്കും, അപേക്ഷിക്കുന്ന വിദ്യാര്‍ഥിയുടെ യോഗ്യതകള്‍ക്കും അനുസൃതമായി ഇത് വ്യത്യസ്തപ്പെടാം.

വിദേശ പഠനത്തിനായുള്ള ചെലവിന്റെ പ്രധാന ഉറവിടമായി സ്‌കോളര്‍ഷിപ്പുകളെ കാണാതെ അതൊരു ബോണസ് ആയി പരിഗണിക്കുന്നതാണ് നല്ലത്. സ്‌കോളര്‍ഷിപ്പിനു പുറമേ വിദേശവിദ്യാഭ്യാസത്തിന് വരുന്ന മറ്റു ചെലവുകല്‍ സ്വന്തം സമ്പാദ്യത്തില്‍ നിന്നോ വിദ്യാഭ്യാസ ലോണില്‍ നിന്നോ ചെലവഴിക്കേണ്ടിവരും.

വിദേശ പഠനത്തിനായി സ്‌കോളര്‍ഷിപ്പുകള്‍ നേടാന്‍ പദ്ധതിയുള്ളവരാണെങ്കില്‍ എളുപ്പം സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

മികച്ച പ്രൊഫൈല്‍ ഉണ്ടാക്കിയെടുക്കുക:

സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാന്‍ എന്തെങ്കിലും പദ്ധതിയുണ്ടെങ്കില്‍ സ്‌കൂള്‍ കാലം തൊട്ടുതന്നെ അതിനുവേണ്ടിയുളള പണി തുടങ്ങണം. പഠനത്തിനായി നിങ്ങള്‍ തെരഞ്ഞെടുക്കുന്ന മേഖലയ്ക്കും യൂണിവേഴ്സിറ്റിക്കും അനുസൃതമായുള്ള പ്രൊഫൈല്‍ ഉണ്ടാക്കണം. ഉദാഹരണത്തിന്, റിസേര്‍ച്ചിനുള്ള സ്‌കോളര്‍ഷിപ്പുകളാണ് ആവശ്യമെങ്കില്‍ വിവിധ പ്രസിദ്ധീകരണങ്ങളിലൂടെയും ഗവേഷകരെ അസിസ്റ്റ് ചെയ്തും റിസര്‍ച്ച് സ്‌കില്‍ കാണിക്കാവുന്നതാണ്.

ട്യൂഷന്‍ ഫീസ് ഒഴിവാക്കി കിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച രീതിയില്‍ ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ കഴിവുണ്ടായിരിക്കണം. ഇംഗ്ലീഷ് ഇതര ഭാഷകള്‍ സംസാരിക്കുന്ന രാജ്യങ്ങളില്‍ നിന്നുവരുന്നവരുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം പരിശോധിക്കുന്ന പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിരിക്കണം. അതായത് ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ഏസ് എ ഫോറിന്‍ ലാംഗ്വേജ് (ടി.ഒ.ഇ.എഫ്.എല്‍), ഐ.ഇ.എല്‍.ടി.എസ് എന്നിവയുടെ സ്പോക്കണ്‍ സെക്ഷനില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയിരിക്കണം. യോഗ്യത അടിസ്ഥാനത്തിലുള്ള സ്‌കോളര്‍ഷിപ്പുകളാണെങ്കില്‍ അക്കാദമിക രംഗത്ത് മികച്ചവരായിരിക്കണം. മാനേജ്മെന്റ് അധിഷ്ഠിത പരിപാടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പാണെങ്കില്‍ സ്പോര്‍ട്സ്, സ്‌കൂളിലോ കോളേജിലോ നടന്ന പരിപാടികള്‍ എന്നിവയില്‍ നേതൃത്വപദവിയില്‍ തിളങ്ങിയവരായാല്‍ നന്ന്.

സ്‌കോളര്‍ഷിപ്പുകള്‍ എവിടെ കിട്ടും?

മിക്ക വിദേശ യൂണിവേഴ്സിറ്റികളും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. അതിന്റെ യോഗ്യതാ മാനദണ്ഡങ്ങള്‍ അറിയാന്‍ അവരുടെ വെബ്സൈറ്റ് പരിശോധിക്കണം. പഠിക്കാന്‍ താല്‍പര്യമുള്ള കോളേജുകളുടെ പട്ടിക തയ്യാറാക്കിയശേഷം അവയുടെ വെബ്സൈറ്റ് പരിശോധിച്ച് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

നേരത്തെ അത്തരം യൂണിവേഴ്സിറ്റികളില്‍ പഠിച്ച വിദ്യാര്‍ത്ഥികളുമായി സോഷ്യല്‍ മീഡിയകളിലൂടെ പരിചയപ്പെട്ട് സ്‌കോളര്‍ഷിപ്പുകളുടെ കാര്യം തിരക്കാം. വിവിധ തരത്തിലുള്ള ഫണ്ടിങ് സോഴ്സുകളിലേക്ക് ഒരു വിദ്യാര്‍ഥിക്ക് ഒരേസമയം അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ചിലപ്പോള്‍ ചില ഫണ്ടുകളുടെ കാര്യത്തില്‍ നിബന്ധനകളുണ്ടാവാം. ഒന്നിലേറെ സ്‌കോളര്‍ഷിപ്പുകള്‍ കിട്ടുന്ന സാഹചര്യമുണ്ടായാല്‍ പൊതുവെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള സ്‌കോളര്‍ഷിപ്പുകള്‍ മാത്രമേ സ്വീകരിക്കാന്‍ കഴിയൂ.

സ്‌കോളര്‍ഷിപ്പുകള്‍ക്ക് നേരത്തെ തന്നെ അപേക്ഷിക്കാം:

സര്‍ക്കാറിന്റെയും യൂണിവേഴ്സിറ്റികളുടെയും സ്‌കോളര്‍ഷിപ്പുകള്‍ക്കുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ നേരത്തെ തന്നെ തുടങ്ങാറുണ്ട്. മിക്ക യൂണിവേഴ്സിറ്റികള്‍ക്കും മൂന്നോ നാലോ റൗണ്ടുകളായി അപേക്ഷ ക്ഷണിക്കാറുണ്ട്. ആദ്യത്തെയോ രണ്ടാമത്തെയോ റൗണ്ടില്‍ തന്നെ അപേക്ഷിക്കുന്നതാണ് പൊതുവില്‍ നല്ലത്. കാരണം സ്‌കോളര്‍ഷിപ്പുകള്‍ക്കുവേണ്ടി ഓരോ യൂണിവേഴ്സിറ്റികള്‍ക്കും നിശ്ചിത ഫണ്ടുണ്ടാകും. നിങ്ങള്‍ മൂന്നാമത്തെയോ നാലാമത്തെയോ റൗണ്ടില്‍ അപേക്ഷിക്കുകയാണെങ്കില്‍ ഈ ഫണ്ടുകള്‍ ഉപയോഗിച്ചു തീര്‍ന്ന് പോകാനുള്ള സാധ്യതയുണ്ട്.

അപേക്ഷയില്‍ സത്യസന്ധത കാണിക്കുക:

സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ സത്യസന്ധമായ കാര്യങ്ങളേ അപേക്ഷയില്‍ ഉള്‍പ്പെടുത്താവൂ. പൊടിപ്പും തൊങ്ങലും ചേര്‍ത്ത വ്യാജ പ്രൊഫൈല്‍ പൊളിക്കാന്‍ വിദഗ്ധരടങ്ങിയ സ്‌കോളര്‍ഷിപ്പ് പാനലുകള്‍ക്ക് മിനിറ്റുകള്‍ മാത്രമേ ആവശ്യമുള്ളൂ. കൂടാതെ ഇത്തരം സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നതിനു മുന്നോടിയായി അഭിമുഖം നടത്താറുണ്ട്. ഈ സമയത്ത് ഓരോ വിദ്യാര്‍ഥിയുടെയും മികവും യോഗ്യതകളും സൂക്ഷ്മമായി വിലയിരുത്തപ്പെടും.