ലോണ്‍ ആപ്പുകളില്‍ നിന്ന് പണം വായ്പയെടുക്കാറുണ്ടോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മാനഹാനിയും ധനനഷ്ടവും ഫലം

രാജ്യത്ത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ചൂഷണം വ്യാപകമായിരിക്കുകയാണ്. കേരളത്തിലും ഇതിന് ഇരയാവുന്നവര്‍ കുറവല്ല. അടുത്തിടെ നിരവധി പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് വന്നിരിക്കുന്നത്.
ജോലി ചെയ്ത് പഠനം മുന്നോട്ട് കൊണ്ടുപോയ പെണ്‍കുട്ടി ഇന്‍സ്റ്റന്റ് ലോണ്‍ ആപ് കുരുക്കില്‍പ്പെട്ട വാര്‍ത്ത അടുത്തിടെ മാധ്യമങ്ങളില്‍ വന്നിരുന്നു. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അടിയന്തരമായി പണം ആവശ്യമായി വന്നപ്പോള്‍ ക്വിക്ക് ആപ് എന്ന പേരിലുള്ള ലോണ്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു. ഫോണിലെ കോണ്‍ടാക്ടും ഗ്യാലറിയും അടക്കമുള്ള അനുമതിക്കൊപ്പം ആധാര്‍ പാന്‍ നമ്പറുകളെല്ലാം നല്‍കേണ്ടി വന്നു. അക്കൗണ്ടില്‍ പണമെത്തി ഏഴാം നാള്‍ അരമണിക്കൂറിനുള്ളില്‍ 5000 രൂപ തിരിച്ചടക്കണമെന്ന സന്ദേശമെത്തി. പിന്നീട് ഭീഷണിയായി. പിന്നാലെ പെണ്‍കുട്ടിയുടെ ഫോണ്‍ കോണ്ടാക്ടുകള്‍ക്കെല്ലാം അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള സന്ദേശം പോയിത്തുടങ്ങി. 500 രൂപ കൊടുത്താല്‍ പെണ്‍കുട്ടിയെ ഒരു ദിവസം ഉപയോഗിക്കാമെന്ന് സന്ദേശം കൂടി പ്രചരിപ്പിച്ചതോടെ മാനസിക പ്രയാസത്തിലാണ് പെണ്‍കുട്ടി.
2000 രൂപ ലോണ്‍ എടുത്ത മറ്റൊരു യുവതിയുടെ പരിചയക്കാര്‍ക്കിടയില്‍ യുവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്‌സ്ആപ് സന്ദേശം പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത്തരത്തില്‍ നിരവധി പേരാണ് ഇതുപോലുള്ള തട്ടിപ്പുകള്‍ക്ക് ഇരയാവുന്നത്. ചിലര്‍ മാനഹാനി ഭയന്ന് ആത്മഹത്യയില്‍ അഭയം പ്രാപിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ഇവരുടെ പ്രവര്‍ത്തന രീതി:
അടിയന്തര ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ മറ്റൊരു മാര്‍ഗവുമില്ലാതെ ബുദ്ധിമുട്ടുന്നവരെയാണ് ഈ ആപ്പുകള്‍ ചൂഷണം ചെയ്യുന്നത്. വലിയ പലിശ നിരക്കും അസാധാരണമായ ചട്ടങ്ങളും വ്യവസ്ഥകളുമൊക്കെയാണ് ഇവയ്ക്ക് ഉണ്ടാവുക. ഒരു അമര്‍ത്തലിലൂടെ മറ്റൊന്നും ആലോചിക്കാതെ ഇരകള്‍ ഫോണിലെ മുഴുവന്‍ കോണ്ടാക്ട് ലിസ്റ്റും വീഡിയോകളും ഫോട്ടോകളുമൊക്കെ ഉപയോഗിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യുന്നു. ആധാര്‍ വിവരങ്ങളും പാനും വിലാസവും നിങ്ങള്‍ക്ക് ആവശ്യമുള്ള തുകയും പൂരിപ്പിച്ച് അപ്ലൈ ബട്ടന്‍ അമര്‍ത്തിയ ഉടന്‍ തന്നെ പണം അക്കൗണ്ടില്‍ ക്രഡിറ്റ് ആവുകയും ചെയ്യും. വായ്പ നല്‍കുന്നതിനെന്ന പേരില്‍ ഉപഭോക്താക്കളുടെ ഫോണിലെ വിവരങ്ങളും മറ്റും ചോര്‍ത്തുന്നത് മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുകയും ചെയ്‌തേക്കാം.
വലിയ പേപ്പര്‍ ജോലികളില്ലാതെ എളുപ്പം പണം ലഭിക്കും എന്നതാണ് ഇത്തരം ആപ്പുകളുടെ ആകര്‍ഷണം. നാട്ടിലെ ബ്ലേഡ് പലിശക്കാരെ കടത്തിവെട്ടുന്ന പലിശയാണ് പല ആപ്പുകളും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. പണമടവില്‍ വീഴ്ചവരുത്തിയാല്‍ ഏത് വൃത്തികെട്ട കളിയും ഇവരില്‍ നിന്ന് പ്രതീക്ഷിക്കാം. ഉപഭോക്താക്കളുടെ മൊബൈലില്‍ നിന്നും ശേഖരിച്ച കോണ്ടാക്ട് വിവരങ്ങള്‍ വെച്ച് പല പരിചയക്കാര്‍ക്കും ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും ചോര്‍ത്തിയെന്ന് ഭീഷണിപ്പെടുത്തുകയും അവര്‍ക്കിടയില്‍ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യും.
വായ്പ നല്‍കുന്ന ഇത്തരം ആപ്പുകള്‍ നിയമവിധേയമാണോ?
ഈ ആപ്പുകളില്‍ മിക്കതും നിയമവിരുദ്ധമാണ്. നിലവിലെ നിയമപ്രകാരം വായ്പ നല്‍കുന്ന സ്ഥാപനം ബാങ്കോ ബാങ്കിതര ധനകാര്യ സ്ഥാപനമോ ആയിരിക്കണം. ആര്‍.ബി.ഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരിക്കണം. അല്ലാത്തപക്ഷം സ്റ്റേറ്റ് മണി ലെന്റേഴ്‌സ് ആക്ടിനു കീഴില്‍ പണമിടപാടുകാര്‍ എന്ന നിലയിലുള്ള ലൈസന്‍സ് ഉണ്ടായിരിക്കണം.
എന്നാല്‍ ഓണ്‍ലൈനായി പണം നല്‍കുന്ന ഇത്തരത്തിലുള്ള ഒട്ടുമിക്ക ആപ്പുകള്‍ക്കും മേല്‍പ്പറഞ്ഞ തരത്തിലുള്ള രജിസ്‌ട്രേഷനോ ലൈസന്‍സോ ഇല്ല. ഇവയില്‍ പലരതും 2009ലെ ഐ.ടി നിയമം പ്രകാരം ബ്ലോക്ക് ചെയ്യപ്പെട്ടതുമാണ്. എന്നാല്‍ പലതും ശിക്ഷിക്കപ്പെടുമെന്ന ഭയമില്ലാതെ ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
തട്ടിപ്പുകാരുടെ വലയില്‍പെടാതെ എങ്ങനെ രക്ഷപ്പെടാം?
ഒരേയൊരു വഴിയേയുള്ളൂ. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും അംഗീകൃത വായ്പക്കാരില്‍ നിന്നും പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വായ്പ എടുക്കുക. വായ്പകള്‍ക്കായി ബാങ്കിങ്, അല്ലെങ്കില്‍ ബാങ്ക് ഇതര സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടുക. അല്ലെങ്കില്‍ അംഗീകൃതവും സുരക്ഷിതവുമായ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് മാത്രം വായ്പയെടുക്കുക. നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്പിന് വിശ്വാസ്യതയുണ്ടെന്നും സുരക്ഷിതമാണെന്നും ഉറപ്പുവരുത്തുക. അവര്‍ക്ക് എവിടെയെങ്കിലും ഓഫീസുണ്ടോ എന്നും സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് സുരക്ഷിതമാണോ എന്നും നോക്കണം. നിങ്ങള്‍ മുമ്പ് വായ്പയെടുത്തത് സംബന്ധിച്ച കാര്യങ്ങള്‍ ചോദിക്കാത്ത, പെട്ടെന്ന് ഇടപാട് തീര്‍ക്കാന്‍ തിടുക്കപ്പെടുന്ന സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുക്കാതിരിക്കുക. ബാങ്ക്, ബാങ്കിതര സ്ഥാപനങ്ങളില്‍ നടപടിക്രമങ്ങള്‍ക്കായുള്ള ചാര്‍ജ് വായ്പയില്‍ നിന്ന് ഈടാക്കുകയോ അല്ലെങ്കില്‍ ബാങ്കിലോ ആ സ്ഥാപനത്തിലോ നേരിട്ട് അടയ്ക്കാന്‍ ആവശ്യപ്പെടുകയോ ആണ് ചെയ്യുക. ലോണ്‍ നടപടിക്രമങ്ങള്‍ക്കുള്ള ചാര്‍ജ് എന്നു പറഞ്ഞ് എന്തെങ്കിലും തുക ഏതെങ്കിലും വ്യക്തിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് തട്ടിപ്പിന്റെ വ്യക്തമായ സൂചനയാണ്.