അദാനി ഗ്രൂപ്പിന് വന്‍തിരിച്ചടി; വിദേശ നിക്ഷേപ അക്കൗണ്ടുകൾ മരവിപ്പിച്ചു, ഓഹരികൾ കൂപ്പുകുത്തി

അദാനി ഗ്രൂപ്പിന് വന്‍തിരിച്ചടി. മൂന്ന് വിദേശ കമ്പനികള്‍ക്ക് അദാനി ഗ്രൂപ്പിലുളള 43,500 കോടിയുടെ ഓഹരികള്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി മരവിപ്പിച്ചു. ഇതോടെ അദാനി ഗ്രൂപ്പ് ഓഹരികൾ തകർച്ചനേരിട്ടു.  കള്ളപ്പണംതടയൽ (പിഎംഎൽഎ) നിബന്ധനപ്രകാരം വിദേശ നിക്ഷേപകർ ആവശ്യമായ രേഖകൾ നൽകാത്തതാണ് കാരണമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ആൽബുല ഇൻവെസ്റ്റുമെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റുമെന്റ് ഫണ്ട് എന്നീ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് എൻഎസ്ഡിഎൽ മരവിപ്പിച്ചത്. ഈ കമ്പനികൾക്കെല്ലാമായി അദാനി ഗ്രൂപ്പിൽ 43,500 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. മൂന്ന് നിക്ഷേപ സ്ഥാപനങ്ങളും മൗറീഷ്യസിലെ പോർട്ട് ലൂയീസിൽ രജിസ്റ്റർചെയ്തിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. അതേസമയം, കമ്പനികൾക്ക് വെബ്‌സൈറ്റുകളില്ല.

അദാനി എന്റർപ്രൈസസിൽ 6.82ശതമാനവും അദാനി ട്രാൻസ്മിഷനിൽ 8.03ശതമാനവും അദാനി ടോട്ടൽ ഗ്യാസിൽ 5.92ശതമാനവും അദാനി ഗ്രീനിൽ 3.58സതമാനവും ഓഹരികളാണ് ഈ സ്ഥാപനങ്ങളുടെ കൈവശമുള്ളത്. റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രീൻ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്യാസ് എന്നിവയുടെ ഓഹരിവില അഞ്ചുശതമാനം ഇടിഞ്ഞു. അദാനി എന്റർപ്രൈസസ് 20ശതമാനമാണ് തകർച്ചനേരിട്ടത്.

വന്‍തുകയുടെ ഓഹരികള്‍ മരവിച്ചിപ്പതോടെ അദാനി ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവുണ്ടായി. കഴിഞ്ഞ ഏതാനും മാസങ്ങളായി അദാനി ഗ്രൂപ്പിലെ ആറ് ഓഹരികളില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്.  ഒരു വര്‍ഷം മുന്‍പ് 1.34 ലക്ഷം കോടി വിപണി മൂല്യമുണ്ടായിരുന്ന കമ്പനിയുടെ ഇന്നത്തെ മൂല്യം 7.84 ലക്ഷം കോടിയാണ്. ഏതാണ്ട് 600 ശതമാനത്തിലേറെ വര്‍ധനയാണ് കമ്പനികളുടെ മൂല്യത്തിലുണ്ടായത്. ഇതിന് പിന്നാലെയാണ് നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററിയുടെ അദാനിയിലേക്കെത്തിയ നിക്ഷേപങ്ങളില്‍ നടപടി എടുത്തിരിക്കുന്നത്.