സിംഗപ്പൂർ എയർലൈൻസ് ഗ്രൂപ്പിൻറെ ക്രിസ്ഫ്ളൈയർ കല്യാൺ ജൂവലേഴ്സുമായി കൈകോർക്കുന്നു

സിംഗപ്പൂർ എയർലൈൻസ് ഗ്രൂപ്പിൻറെ ലൈഫ്സ്റ്റൈൽ മെമ്പർഷിപ്പ് പ്രോഗ്രാമായ ക്രിസ്ഫ്ളൈയർ ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സുമായി കൈകോർക്കുന്നു. ക്രിസ്ഫ്ളൈയർ അംഗങ്ങൾക്ക് ഇനി മുതൽ കല്യാൺ ജൂവലേഴ്സിൻറെ ഇന്ത്യയിലെ ഏതു സ്റ്റോറിൽനിന്നും ആഭരണങ്ങൾ വാങ്ങുമ്പോൾ അവർ ചെലവഴിക്കുന്ന ഓരോ നൂറു രൂപയ്ക്കും ഒരു ക്രിസ്ഫ്ളൈയർ മൈൽ സ്വന്തമാക്കാം. ഇവ അവരുടെ അക്കൗണ്ടിലേയ്ക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. ക്രിസ്ഫ്ളൈയർ മൈൽ പിന്നീട് യാത്ര ചെയ്യുമ്പോൾ യാത്രാ ടിക്കറ്റുകൾക്കായോ കാബിൻ അപ്ഗ്രേഡിനായോ റിഡീം ചെയ്യാനാകും.

കൂടാതെ കല്യാൺ ജൂവലേഴ്സ് അവതരിപ്പിക്കുന്ന പ്രത്യേക പ്രമോഷണൽ ഓഫർ പ്രകാരം പിപിഎസ് ക്ലബ്, ക്രിസ്ഫ്ളൈയർ അംഗങ്ങൾക്ക് 2022 ജൂൺ 30 വരെ തെരഞ്ഞെടുത്ത ആഭരണങ്ങൾ വാങ്ങുമ്പോൾ 8000 രൂപ വരെ ഇളവ് ലഭിക്കും. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ക്രിസ്ഫ്ളൈയർ അംഗങ്ങൾക്ക് 8000 രൂപയുടെ ഇളവും 1000 മൈലുകളും സ്വന്തമാക്കാം. ഒന്നര ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 5000 രൂപ ഇളവും കുറഞ്ഞത് 1500 മൈലുകളും ലഭിക്കും.

സ്വർണം, ഡയമണ്ട്, പ്രഷ്യസ് സ്റ്റോൺസ് എന്നിവയിൽ നവീന രൂപകൽപ്പനയിലുള്ള ആഭരണനിരയാണ് കല്യാൺ ജൂവലേഴ്സ് ഒരുക്കുന്നത്. ഓരോ ആഭരണങ്ങളുടെയും ഗുണമേന്മ പരിശോധിച്ച് ഹാൾമാർക്ക് ചെയ്ത് സാക്ഷ്യപത്രത്തോടൊപ്പമാണ് ലഭ്യമാക്കുന്നത്. ഉപയോക്താക്കളുടെ പർച്ചേയ്സിന് മികച്ച മൂല്യം ലഭ്യമാക്കുന്നതിന് കല്യാൺ ജൂവലേഴ്സ് പ്രതിജ്ഞാബദ്ധമാണെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. സിംഗപ്പൂർ എയർലൈൻസിൻറെ ലൈഫ്സ്റ്റൈൽ റിവാർഡ്സ് പരിപാടിയായ ക്രിസ്ഫ്ളൈയറുമായി പങ്കാളികളാകുന്നതിൽ അതിയായ സന്തോഷമുണ്ട്. ക്രിസ്ഫ്ളൈയർ അംഗങ്ങൾക്ക് കല്യാൺ ജൂവലേഴ്സിലെ പർച്ചേയ്സിനൊപ്പം ആകർഷകമായ ഓഫറുകളും അധികമായ മൈൽസും സ്വന്തമാക്കുന്നതിന് സാധിക്കും. ഉപയോക്താക്കൾ ഈ അവസരം പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.

ലൈഫ്സ്റ്റൈൽ കേന്ദ്രീകൃതമായ എയർലൈൻ ലോയൽറ്റി പരിപാടിയായ ക്രിസ്ഫ്ളൈയർ ഉപയോക്താക്കൾക്കായി ഒട്ടേറെ അവസരങ്ങളാണ് തുറന്നുകൊടുക്കുന്നതെന്ന് സിംഗപ്പൂർ എയർലൈൻസ് ജനറൽ മാനേജർ സൈ യെൻ ചെൻ പറഞ്ഞു. വളരെ ജനപ്രിയമായതും വിശ്വാസ്യതയാർന്നതുമായ ബ്രാൻഡുമായി പങ്കാളികളാകുന്നതു വഴി അംഗങ്ങൾക്ക് യാത്ര ചെയ്യാതെ പോലും മൈലുകൾ സ്വന്തമാക്കുന്നതിനുള്ള വഴിയാണ് തുറന്നുകിട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കല്യാൺ ജൂവലേഴ്സുമായി പങ്കാളികളാകുന്നതിൽ സന്തോഷമുണ്ടെന്നും ഈ പങ്കാളിത്തം വിജയത്തിലേയ്ക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.