ഹോട്ടലുകൾക്ക് സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന സംവിധാനം സൊമാറ്റോ വിപുലീകരിക്കുന്നു

ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്ന കമ്പനിയായ സൊമാറ്റോ പുതിയതായി അവതരിപ്പിച്ച ഫുഡ് ഇൻഗ്രീഡിയൻറ് ഓർഡർ സ്ഥാപനമായ ഹൈപെർക്യൂറിന്റെ പ്രവർത്തനം 18 നഗരങ്ങളിൽ കൂടി വ്യാപിപ്പിക്കുന്നു. റെസ്റ്റാറന്റുകൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകുന്ന ഈ സംവിധാനം നിലവിൽ ഡൽഹി, ബംഗളുരു എന്നീ നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. 2020ഓടെ 20 വെയർഹൌസുകൾ തുറക്കാനാണ് പദ്ധതി. ഇതിനായി 56 കോടി രൂപ മുതൽ മുടക്കുമെന്ന് സ്ഥാപകൻ ധ്രുവ് സാഹ്നി പറഞ്ഞു.

ഏഴു ലക്ഷം ചതുരശ്ര അടിയിൽ 90,000 ടൺ ഉത്പന്നങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന
വെയർഹൌസുകളാണ് കമ്പനി ഒരുക്കുന്നത്. ഇവിടെ നിന്ന് ഹോട്ടലുകൾക്ക് ആവശ്യമായ സാധനങ്ങൾ ഓൺലൈനിലെ ഓർഡർ അനുസരിച്ച് എത്തിച്ചു നൽകും.

ഓരോ ഹൈപെർക്യൂർ വെയർഹൌസിനും 2.8 കോടി രൂപ ചെലവ് വരുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ കൊച്ചിയിലാണ് സംഭരണശാല ആരംഭിക്കുന്നത്. ഇതിനു പുറമെ,  ചെന്നൈ, ഹൈദരാബാദ്,  മുംബൈ, കോയമ്പത്തൂർ, ആഗ്ര, നാഗ്പുർ, ലക്‌നൗ, ചണ്ഡിഗർ, വഡോദര, ആഗ്ര, ഗോവ, സൂറത്ത്, ജയ്‌പൂർ തുടങ്ങിയ നഗരങ്ങളിലാണ് പ്രവർത്തനം തുടങ്ങുക. നിലവിൽ 1000 റെസ്റ്റാറന്റുകൾക്ക് സൊമാറ്റോ സാധനങ്ങൾ എത്തിച്ചു നൽകുന്നുണ്ട്. ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയുടെ മുഖച്ഛായ മാറുന്ന പദ്ധതിയാണ് ഇതെന്ന് ധ്രുവ് സാഹ്നി വ്യക്തമാക്കി.