ലോക കപ്പിന് ശരാശരി 10.72 കോടി പ്രേക്ഷകർ

ക്രിക്കറ്റ് ലോക കപ്പ് മത്സരങ്ങൾ ഒരു വാരം പിന്നിടുമ്പോൾ ലോകമെമ്പാടുമായി മത്സരങ്ങളുടെ ശരാശരി പ്രേക്ഷകരുടെ എണ്ണം 10.72 കോടി കവിഞ്ഞു. ലോക കപ്പ് മത്സരങ്ങളുടെ ചരിത്രത്തിൽ ഇത് ഒരു റെക്കോഡാണ്. മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ നെറ്റ് വർക്കാണ് വ്യൂവർഷിപ്പ് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്. മത്സരങ്ങളിൽ നിന്നുള്ള പരസ്യ വരുമാനം ഗണ്യമായി ഉയരുന്നതിന് ഈ കണക്കുകൾ സഹായകമാകുമെന്നതാണ് ഇത് വ്യക്തമാക്കുന്നത്. 3.31 കോടി പേരായിരുന്നു ഐ പി എൽ മത്സരങ്ങളുടെ ആദ്യ ആഴ്ചയിലെ ശരാശരി വ്യൂവർഷിപ്പ്.

പത്ത് സെക്കന്റുള്ള ഒരു പരസ്യം നൽകുന്നതിന് പത്തു ലക്ഷം രൂപയാണ് ചാർജ്. എന്നാൽ മഴ മൂലം മത്സരങ്ങൾ ഉപേക്ഷിക്കുന്നത് സ്റ്റാർ നെറ്റ് വർക്കിന്‌ വലിയ തലവേദനയാവുകയാണ്. ഇന്ത്യ – ന്യൂസിലൻഡ് മത്സരം പരസ്യദാതാക്കൾക്ക് വലിയ പ്രതീക്ഷ നൽകുന്നതായിരുന്നു. ഇതുൾപ്പെടെ ഇതുവരെ നാലു മത്സരങ്ങളാണ് മഴ കൊണ്ട് പോയത്. ലോക കപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും മത്സരങ്ങൾ മഴയിൽ ഒലിച്ചു പോകുന്നത്. ഞായറാഴ്ച നടക്കുന്ന ഇന്ത്യ – പാക് മത്സരത്തിലാണ് ഇനി സ്റ്റാർ സ്പോർട്സിന്റെ പ്രതീക്ഷ. ബ്രോഡ്‌കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലാണ് [ബാർക്] കളി കാണുന്നവരുടെ സ്ഥിതിവിവര കണക്കുകൾ തയ്യാറാക്കുന്നത്.