വായിക്കാൻ അറിയാത്തവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി

വായിക്കാൻ അറിയാത്ത ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസുകൾ ഉടനടി റദ്ദാക്കാൻ രാജസ്ഥാൻ ഹൈക്കോടതി ഉത്തരവ് നൽകി. രാജസ്ഥാൻ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ഈ ഉത്തരവ് നൽകിയത്. ഇതിനു പുറമെ എഴുതാനും വായിക്കാനും അറിയാത്തവർക്ക് ലൈസൻസ് ഇഷ്യു ചെയ്യാതിരിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ട്രാൻസ്‌പോർട്ട് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

വായിക്കാൻ അറിയാത്തവർക്ക് റോഡിലെ സൂചന ഫലകങ്ങളും മുന്നറിയിപ്പ് ബോർഡുകളും മനസ്സിലാക്കാൻ കഴിയാതെ വരുമെന്നും ഇത് അപകടങ്ങൾക്ക് ഇടയാക്കുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. കാൽനടക്കാർക്കാണ് ഇതുകൊണ്ട് കൂടുതൽ ബുദ്ധിമുട്ട് വരുന്നത്. നിരക്ഷരനായ തനിക്ക് ഹെവി ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദീപക് സിങ്ങ് എന്നയാൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
ലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തികളുടെ താത്പര്യത്തെക്കാൾ പൊതുജനങ്ങളുടെ താത്പര്യത്തിനാണ് ഇക്കാര്യത്തിൽ മുൻഗണന നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി.

എന്നാൽ കേന്ദ്ര മോട്ടോർ വെഹിക്കിൾ നിയമത്തിൽ ലൈറ്റ് വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന് പ്രത്യേക വിദ്യാഭ്യാസയോഗ്യതകൾ പറയുന്നില്ല. മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ടെസ്റ്റ് പാസ്സാകണം എന്ന് മാത്രമാണ് പറയുന്നത്. അത്കൊണ്ട് വായിക്കാൻ പോലുമറിയാത്ത നിരവധി പേർക്ക് ലൈസൻസ് ലഭിച്ചിട്ടുണ്ട്. എന്നാൽ ഹെവി വാഹനങ്ങൾ ഓടിക്കുന്നതിനു എട്ടാം ക്‌ളാസ് പാസാകണമെന്ന് നിബന്ധനയുണ്ട്.