ഫിലിപ്പീൻസിലെ സ്പ്ലാഷ് കമ്പനിയെ വിപ്രോ ഏറ്റെടുത്തു, ഇത് പതിനൊന്നാമത്തെ ഏറ്റെടുക്കൽ

ഇംഗ്ലണ്ടിലെ പ്രശസ്ത സൗന്ദര്യവർദ്ധക ഉത്പന്ന നിർമ്മാതാക്കളായ യാര്‍ഡ്‍ലി, സിങ്കപ്പൂരിലെ എല്‍ഡി വാക്സണ്‍ ഉന്‍സ എന്നിവയ്ക്ക് ശേഷം കണ്‍സ്യൂമര്‍ കെയര്‍ കമ്പനിയായ സ്‍പ്ലാഷ് കോര്‍പ്പറേഷനെ ബംഗളുരു ആസ്ഥാനമായ വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് ഏറ്റെടുത്തു. ഫിലിപ്പീൻസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സ്പ്ലാഷ്. ഇതിനു ചെലവായ തുക കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പത്തു കോടിയിലേറെ ഉപഭോക്താക്കൾ ഉള്ള കമ്പനിയാണ് സ്പ്ലാഷ്.

കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലിൽ ഒന്നാണ് ഇതെന്ന് വിപ്രോ സി ഇ ഒ വിനീത് അഗർവാൾ പറഞ്ഞു. തെക്ക്- കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ബിസിനസ് വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഏറ്റെടുക്കല്‍. ഈ മേഖലയില്‍ തങ്ങളുടെ കണ്‍സ്യൂമര്‍ ഉല്‍പ്പന്ന നിര വിപുലീകരിക്കാനും ഈ ഏറ്റെടുക്കലിലൂടെ വിപ്രോയ്ക്ക് കഴിയും. ഉപഭോക്തൃ ഉല്‍പന്ന വിഭാഗത്തില്‍ വിപ്രോ നടത്തുന്ന പതിനൊന്നാമത്തെ ഏറ്റെടുക്കലാണിത്.