ഗോതമ്പ് ഉത്പാദനം റെക്കോഡിലേക്ക്, പ്രതീക്ഷിക്കുന്നത് 10 കോടി ടൺ, ഇറക്കുമതി ഗോതമ്പിന് വില കൂടും

ഇന്ത്യയിൽ ഈ സീസണിൽ റെക്കോഡ് ഗോതമ്പ് ഉത്പാദനം ഉണ്ടാകുമെന്ന് കാർഷിക മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. മൊത്തം ഉല്‍പാദനം 10 കോടി ടണ്‍ കടന്നേക്കുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ടു ശതമാനം കൂടുതൽ.
റെക്കോഡ് ഉല്‍പാദനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ ഗോതമ്പിന്‍റെ ഇറക്കുമതി തീരുവ ഉയര്‍ത്തി. ഇറക്കുമതി തീരുവയില്‍ 10 ശതമാനത്തിന്‍റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ നേരത്തെ 30 ശതമാനമായിരുന്ന തീരുവ ഇപ്പോൾ 40 ശതമാനമായി ഉയര്‍ന്നു.

ആഭ്യന്തര വിപണിയെ സഹായിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. ഈ സീസണില്‍ റെക്കോഡ് നിലവാരത്തിലേക്ക് വരെ ഗോതമ്പ് ഉല്‍പാദനം ഉയര്‍ന്നേക്കുമെന്നാണ് കാര്‍ഷിക വിദഗ്ധരുടെ പ്രവചനം. ലോകത്തെ ഏറ്റവും കൂടുതൽ ഗോതമ്പ് ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

Read more

നിലവില്‍ ക്വീന്റലിന് 1840 രൂപയാണ് ഗോതമ്പിന് താങ്ങുവിലയായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളളത്. കഴിഞ്ഞ വർഷം വില ആറ് ശതമാനം കൂട്ടിയിരുന്നു. എന്നാല്‍, ഇറക്കുമതി തീരുവ ഉയര്‍ത്തിയ തീരുമാനം കേരളം അടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മില്ലുകള്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ വിലയിരുത്തല്‍. ഗോതമ്പിന്റെ ഇറക്കുമതി ചെലവ് ഉയരുന്നതാണ് കാരണം. ഈ വർഷം ഒരു കോടി ടൺ ഗോതമ്പും 20 ലക്ഷം ടൺ അരിയും പൊതു വിപണിയിൽ വില്കുന്നതിനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അടുത്ത ജൂലൈ മുതലാണ് ഗോതമ്പിന്റെ കൊയ്ത്ത് ആരംഭിക്കുന്നത്.