വൊഡാഫോൺ- ഐഡിയക്ക് പൂട്ട് വീഴുമോ? സാമ്പത്തിക ലോകം ആശങ്കയിൽ, അടയ്ക്കാനുള്ളത് 54,000 കോടി

സർക്കാരിന് ഭീമമായ തുക കുടിശ്ശിക ഇനത്തിൽ അടയ്‌ക്കേണ്ട സാഹചര്യത്തിൽ വൊഡാഫോൺ –  ഐഡിയ പ്രവർത്തനം നിർത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. ഈ സാഹചര്യത്തിൽ കമ്പനിയുടെ ചെയർമാൻ കുമാർ മംഗളം ബിർള, മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ രവീന്ദർ തക്കർ എന്നിവർ ചൊവ്വാഴ്ച ടെലികോം സെക്രട്ടറി അൻഷു പ്രകാശുമായി ചർച്ച നടത്തി. കുടിശ്ശിക ഇനത്തിൽ അടയ്ക്കാനുള്ള തുകയ്ക്ക് സർക്കാർ ബാങ്ക് ഗ്യാരന്റി ആവശ്യപ്പെടുമെന്ന വാർത്തകൾക്കിടെയാണ് രണ്ടു പേരും സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്. സർക്കാർ, ബാങ്ക് ഗ്യാരന്റി നിർബന്ധിച്ചാൽ വൊഡാഫോൺ- ഐഡിയ പ്രവർത്തനം നിർത്തുമെന്ന അഭ്യൂഹങ്ങൾ സാമ്പത്തികരംഗത്ത് ശക്തമാണ്.

അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യു [ എ ജി ആർ] ഇനത്തിൽ കമ്പനി തിങ്കളാഴ്ച 2500 കോടി രൂപ അടച്ചിരുന്നു. വെള്ളിയാഴ്ച 1000 കോടി കൂടി അടയ്ക്കുമെന്ന് കമ്പനി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബാക്കി തുക അടയ്ക്കുന്നതിനുള്ള ഫണ്ട് സമാഹരിച്ചു വരികയാണ്. എന്നാൽ മാർച്ച് 17-നാണ് സുപ്രീം കോടതി ഈ കേസിൽ ഇനി വാദം കേൾക്കുന്നത്. അതിനു മുൻപ് മുഴുവൻ കുടിശ്ശികയും അടയ്ക്കാൻ കഴിയുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ ബാങ്ക് ഗ്യാരന്റി ആവശ്യപ്പെടാനാണ് നീക്കം. ഇതിനായി ടെലികോം വകുപ്പ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ നിയമോപദേശം തേടിയിരിക്കുകയാണ്. ഇത്തരമൊരു നീക്കം ഉണ്ടായാൽ അത് വൊഡാഫോൺ ഐഡിയയുടെ ഭാവിയിൽ നിർണായകമാണ്. ബാങ്ക് ഗ്യാരന്റിക്ക് നിർബന്ധിച്ചാൽ കമ്പനിക്ക് പ്രവർത്തനം തുടരാൻ നിർവാഹമില്ലാതെ വരുമെന്നാണ് പുറത്തു റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ കുമാർ മംഗളം ബിർളയുടെ ഇന്നത്തെ കൂടിക്കാഴ്ചക്ക് പ്രാധാന്യമേറുന്നു. തുക അടയ്ക്കുന്നതിന് സാവകാശം തേടാനാണ് കമ്പനിയുടെ നീക്കം. എന്നാൽ ഒരു ദിവസം പോലും വൈകാതെ കുടിശ്ശിക അടച്ച് തീർക്കണമെന്ന നിർദേശം സുപ്രീം കോടതി നൽകിയ സാഹചര്യത്തിൽ വൊഡാഫോൺ- ഐഡിയക്ക് കുരുക്ക് മുറുകുകയാണ്.

അതിനിടെ, 7000 കോടി രൂപയുടെ ആദായ നികുതി റീഫണ്ട് കമ്പനിക്ക് ലഭിക്കാനുണ്ട്. ഈ തുക എ ജി ആർ കുടിശ്ശികയിൽ വരവ് വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി ആദായനികുതി വകുപ്പിനും ടെലികോം ഡിപ്പാർട്ട്മെന്റിനും കത്ത് നൽകിയിട്ടുണ്ട്. മൊത്തം 54,000 കോടി രൂപയാണ് എ ജി ആർ കുടിശ്ശികയായി വൊഡാഫോൺ ഐഡിയ നൽകാനുള്ളത്. അതിനിടെ കുടിശ്ശിക വരുത്തിയ എയർടെൽ, 10,000 കോടി രൂപ ഇതിനകം അടച്ചു.

35,500 കോടി രൂപയാണ് ഈ കമ്പനി മൊത്തം അടയ്‌ക്കേണ്ടത്. ബാക്കി തുക മാർച്ച് 17 നു മുമ്പ് അടയ്ക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ടാറ്റ ടെലി സർവീസസ് 2197 കോടി രൂപയും റിലയൻസ് ജിയോ 195 കോടി രൂപയും എ ജി ആർ കുടിശ്ശിക ഇനത്തിൽ ഇതിനകം അടച്ചിട്ടുണ്ട്.