വിസ്താരക്ക് എയർ ഇന്ത്യയിൽ ഒരു കണ്ണ്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ പ്രമുഖ എയർലൈനായ എയർ വിസ്താര എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിസ്താരയിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ടാറ്റാ സണ്‍സിന് 51 ശതമാനം പങ്കാളിത്തമുള്ള കമ്പനിയാണ് വിസ്താര.

എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് കമ്പനി ഒരുങ്ങുന്നതിന് പിന്നിൽ മറ്റൊരു കാരണവുമുണ്ട്. ജെ.ആര്‍.ഡി. ടാറ്റ തുടങ്ങിയ ‘ടാറ്റാ എയര്‍ലൈന്‍സ്’ ആണ് പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്ത് ‘എയര്‍ ഇന്ത്യ’ ആക്കി മാറ്റിയത്. എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ഏഴോളം കമ്പനികള്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

എയർ ഇന്ത്യ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ മാർച്ച് 17- നു മുമ്പ് താത്പര്യപത്രം നൽകണം. കമ്പനിക്ക് നിലവിലുണ്ടായ നഷ്ടം പെരുകയത് മൂലമാണ് ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കിയത്. 2018 – ല്‍ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നത്. എന്നാല്‍ നിക്ഷേപകര്‍ ആരും എത്താത്തത് മൂലമാണ് ഇപ്പോൾ 100 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ ശ്രമം നടത്തുന്നത്. ഇത്തവണ ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചു പൂട്ടേണ്ടി വരുമെന്നാണ് സർക്കാർ നൽകുന്ന സൂചന. കമ്പനിയുടെ 23,286 കോടി രൂപയോളം വരുന്ന കടബാദ്ധ്യത ഓഹരികള്‍ വാങ്ങുന്നവര്‍ ഏറ്റെടുക്കണമെന്നാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്ന വ്യവസ്ഥ.

അതേസമയം, എയര്‍ ഇന്ത്യയെ ഏറ്റെടുത്താല്‍ ‘വിസ്താര’യ്ക്ക് ഇന്ത്യന്‍ വ്യോമയാന രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. 7100 കോടി രൂപ മൂലധനത്തിൽ 2013-ല്‍ തുടങ്ങിയ വിമാനക്കമ്പനിയാണ് എയര്‍ വിസ്താര. ടാറ്റ സണ്‍സിന് 51 ശതമാനവും സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവും ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളത്. 2015-ല്‍ ആദ്യ സര്‍വീസ് തുടങ്ങിയ വിസ്താരയ്ക്കിപ്പോള്‍ 6.1 ശതമാനം വിപണി വിഹിതമുണ്ട്.