ഇന്നോവ പ്ലാന്റിൽ ജീവനക്കാരെ കുറയ്ക്കുന്നു, വി ആർ എസ് പ്രഖ്യാപിച്ചു

ഇന്നോവ, ഫോർച്യൂണർ, എറ്റിയോസ് തുടങ്ങിയ മോഡലുകൾ അവതരിപ്പിക്കുന്ന ടൊയോട്ട കിർലോസ്കർ മോട്ടോർസ് [ടി കെ എം] കമ്പനി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി വി ആർ എസ് പ്രഖ്യാപിച്ചു. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് വില്പന കാര്യമായി കുറഞ്ഞ സാഹചര്യത്തിലാണ് കമ്പനി വി ആർ എസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ രണ്ടു പ്ലാന്റുകളിലായി 6500 പേരാണ് ഈ കമ്പനിയിൽ ജോലി ചെയ്യുന്നത്.

ഇതിൽ കർണാടകത്തിലെ ബിദാദി യുണിറ്റിലാണ് ഇപ്പോൾ വി ആർ എസ് നടപടികൾ തുടങ്ങിയിരിക്കുന്നത്. ഈ കേന്ദ്രത്തിലെ രണ്ടു പ്ലാന്റുകളിലാണ് ഇന്നോവ, ഫോർച്യൂണർ തുടങ്ങിയ മോഡലുകൾ നിർമിക്കുന്നത്.

അഞ്ചു വർഷം സർവീസ് പൂർത്തിയാക്കിയവർക്ക് വി ആർ എസിന് അപേക്ഷിക്കാം. ഒക്ടോബർ 22 വരെ ഇതിന് അപേക്ഷിക്കാമെന്ന് ടി കെ എം വൈസ് ചെയർമാൻ ശേഖർ വിശ്വനാഥൻ പറഞ്ഞു. റിട്ടയർമെന്റ് ആനുകൂല്യങ്ങൾക്ക് പുറമെ ഒരു കോമ്പൻസേഷൻ പാക്കേജ് കൂടി കമ്പനി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിദാദിയിലെ രണ്ടു പ്ലാന്റുകളിലുമായി പ്രതിവർഷം 310000 വാഹനങ്ങൾ ഉല്പാദിപ്പിക്കാൻ കഴിയും.