ബിൽ ഗേറ്റ്സിന്റെ ലോകത്തെ ഒന്നാമത്തെ പണക്കാരൻ എന്ന സ്ഥാനം തട്ടിത്തെറിപ്പിച്ചതാര് ?

ലോകത്തെ ആദ്യത്തെ 10 കോടീശ്വരന്മാർ ആരെല്ലാമാണ് ? ചുരുങ്ങിയ കാലത്തിനുള്ളിൽ ബിൽ ഗേറ്റ്സിനെയും ഓഹരി കമ്പോളത്തിലെ ചക്രവർത്തി, സാക്ഷാൽ വാറൻ ബഫറ്റിനെയും കടത്തി വെട്ടി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ പുത്തൻ പണക്കാരൻ ആര് ? ഒന്ന് പരിചയപ്പെടാം, സഹസ്ര കോടീശ്വരന്മാരുടെ ഇടയിലെ ആ കിരീടധാരികളെ. ബ്ലൂംബെർഗ് ഏറ്റവും ഒടുവിൽ ലഭ്യമായ കണക്ക് പ്രകാരം തയാറാക്കിയ ലോകത്തെ ആദ്യത്തെ 10 വമ്പൻ പണക്കാർ ഇവരാണ്.

1 ജെഫ് ബെസോസ് – ലോകത്തെ ഏറ്റവും വലിയ ഓൺ ലൈൻ വ്യാപാര ശൃഖലയായ ആമസോണിന്റെ തലവൻ. ഏതാനും വർഷം മുൻപ് വരെ ആദ്യത്തെ പത്തു സ്ഥാനക്കാരിൽ പോലും ഇടംപിടിക്കാതിരുന്ന അദ്ദേഹം ഇപ്പോൾ ബിൽ ഗേറ്റ്സിനെ പിന്തള്ളി ഒന്നാം സ്ഥാനം പിടിച്ചടക്കിയിരിക്കുന്നു. 10,000 കോടി ഡോളറിന്റെ സ്വത്തിനുടമ.

2. ബിൽ ഗേറ്റ്സ് – ലോകത്തെ ഏറ്റവും വലിയ കംപ്യൂട്ടർ സേവനദാതാക്കളായ മൈക്രോ സോഫ്റ്റ് ഉടമ. നിരവധി വർഷം ലോകത്തെ ഒന്നാമത്തെ പണക്കാരൻ ഇദ്ദേഹമായിരുന്നു. 8900 കോടി ഡോളറിന്റെ സ്വത്തിനുടമ.

3 . ഓഹരി വിപണിയുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാൽ വാറൻ ബഫറ്റ്‌. കമ്പനിയുടെ പേര് – ബെർക്‌ഷെയർ ഹാത്തവേ. മൊത്തം സ്വത്ത് -7900 കോടി ഡോളർ.

4. അമാൻ ഷിയോ ഒർടേഗ – ലോകത്തെ ഏറ്റവും വലിയ തുണി റീറ്റെയ്ൽ ബിസിനസ്സ്കാരൻ. സ്പെയിനിലെ വിശ്വപ്രസിദ്ധമായ സാറ എന്ന കമ്പനി ഉടമ. സ്വത്ത് 7600 കോടി ഡോളർ.

5. മാർക്ക് സുക്കർബർഗ് – ആഗോള തലത്തിലെ ഏറ്റവും വിപുലമായ സോഷ്യൽ മീഡിയ നെറ്റ് വർക്കായ ഫേസ്‌ബുക്കിന്റെ ഉടമസ്ഥൻ. മുൻനിര കോടീശ്വരന്മാരുടെ കൂട്ടത്തിലെ ബേബിയാണ് ടിയാൻ. 7530 കോടി ഡോളറിന്റെ സ്വത്ത്.

6. കാർലോസ് സ്ലിം – വർഷങ്ങൾക്കു മുൻപ് ലോകത്തെ ഒന്നാമത്തെ പണക്കാരനായിരുന്ന വ്യക്തി. 77 കാരനായ ഇദ്ദേഹമാണ് പ്രമുഖ മൊബൈൽ സേവനദാതാക്കളയ അമേരിക്ക മൊവിലിന്റെ ചെയർമാൻ. മെക്സിക്കോക്കാരനായ ഇദ്ദേഹത്തിന് 6400 കോടി ഡോളറിന്റെ സ്വത്തുണ്ട്.

7 . ബെർണാഡ് അർനോൾഡ് – ഫ്രഞ്ച് ബിസിനസ്സുകാരൻ. ആഡംബര ഉല്പന്നനങ്ങളുടെ ലോകത്തെ മുൻനിര ഉത്പാദകരായ ലൂവിസ് വ്യൂട്ടൻ എന്ന കമ്പനി ഉടമ. 6340 കോടി യു. എസ് ഡോളറിന്റേതാണ് മൊത്തം സമ്പാദ്യം.

8 ഒറാക്കിൾ കമ്പനിയുടെ ഉടമസ്ഥൻ ലാറി എല്ലിസൺ ആണ് എട്ടാമൻ. 5430 കോടി ഡോളറാണ് സ്വത്ത്. അമേരിക്കൻ പൗരൻ.

9 . ഒമ്പതാം സ്ഥാനത് ആൽഫബെറ്റ് ഇൻകോർപറേറ്റ് എന്ന കമ്പനി ഉടമ ലാറി പേജ്. അമേരിക്കക്കാരനായ ഇദ്ദേഹത്തിന്റെ മൊത്തം സമ്പത് 5228 കോടി ഡോളറാണ്.

10 . അൽഫബെറ്റിന്റെ ഉടമസ്ഥരിൽ ഒരാളായ സെർജി ബിൻ ആണ് ലിസ്റ്റിൽ പത്താമത്തെത്തുന്നത്. അമേരിക്കൻ പൗരനായ സെർജിക്കുള്ളത് 5088 കോടി ഡോളറിന്റെ സ്വത്താണ്.

ശ്രദ്ധിക്കേണ്ട വസ്തുത ഈ പത്തു പേരിൽ ഏഴു പേരും അമേരിക്കക്കാരാണെന്നതാണ്. ഇനി ഇന്ത്യക്കാരുടെ നില എന്തെന്ന് നോക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ മുകേഷ് അംബാനി ആണെന്ന് എല്ലാർക്കുമറിയാം. 4000 കോടി ഡോളറാണ് മുകേഷിന്റെ സ്വത്ത്. ലോക നിലവാരത്തിൽ ഇരുപതാം സ്ഥാനമാണ് ഇദ്ദേഹത്തിനുള്ളത്.