ഹോങ്കോങ്ങിൽ കൊറോണ പടരുന്നു, സൂറത്തിൽ പ്രതിസന്ധി

ചൈനക്ക് പുറമെ ഹോങ്കോങ്ങിലും കൊറോണ വൈറസ് പടരുന്നത് സൂറത്തിലെ വജ്ര വ്യവസായ രംഗത്തിന് വൻ തിരിച്ചടിയാവുന്നു . സൂറത്തിൽ നിർമിക്കുന്ന വജ്രങ്ങളുടെ പ്രധാന വിപണന കേന്ദ്രം ഹോങ്‌കോങ്ങാണ് . എന്നാൽ വൈറസ് ബാധയെ തുടർന്ന് വ്യാപാര മേഖല സ്തംഭനത്തിലായതാണ് വജ്ര ബിസിനസിനെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 8000 കോടി രൂപയുടെ വ്യാപാരം നഷ്ടമാകുമെന്ന് സൂററ്റിലെ വ്യാപാരികൾ പറയുന്നു. സൂറത്തിൽ പോളിഷ് ചെയ്യുന്ന വജ്രം ലോകത്ത് ഏറെ പ്രിയങ്കരമാണ്. എന്നാൽ ഇവ ഹോങ്കോങ്ങിൽ നിന്നാണ് ലോകത്തിന്റെ മറ്റു കേന്ദ്രങ്ങളിലേക്ക് അയക്കുന്നത്. ഒരു വർഷം 50,000 കോടി രൂപയുടെ വജ്രമാണ് സൂറത്തിൽ നിന്നും കയറ്റി അയക്കുന്നത്. അതിൽ 37 ശതമാനവും പോകുന്നത് ഹോങ്കോങ്ങിലേക്കാണ്.

കൊറോണ ബാധയെ തുടർന്ന് ഹോങ്കോങ്ങിൽ വ്യപാര സ്ഥാപനങ്ങൾ ഒരു മാസം അടച്ചിടാൻ നിർദേശം നല്‌കിയിരിക്കുകയാണ് സർക്കാർ. ഇതേ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള വ്യാപാരികൾ ഓഫിസുകൾ അടച്ച് നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. അടുത്ത മാസം ഹോങ്കോങ്ങിൽ നടക്കാനിരിക്കുന്ന ആഗോള ആഭരണ മേള റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് പ്രമുഖ വജ്ര വ്യാപാരി പ്രവീൺ നാനാവതി പറഞ്ഞു. സൂറത്ത് വജ്രങ്ങൾ വൻ തോതിൽ വിൽക്കുന്ന ഒരു മേളയാണ് ഇത്.