‘അതിസമ്പന്ന നികുതി’യിൽ നിന്ന് വിദേശ നിക്ഷേപകരെ ഒഴിവാക്കാൻ ആലോചന

ബജറ്റിൽ അതിസമ്പന്നർക്ക് ഏർപ്പെടുത്തിയ അധിക സർചാർജിൽ നിന്ന് ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരെ ഒഴിവാക്കുന്ന കാര്യം പരിഗണനയിൽ . വിദേശ നിക്ഷേപകരെ കൂടുതൽ ആകർഷിക്കുന്നതിന് വേണ്ടിയാണ് അവർക്ക് ഇതിൽ ഇളവ് അനിവാദിക്കുന്നതിന് സർക്കാർ ആലോചിക്കുന്നത്. നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലാണ് അതിസമ്പന്നർക്ക് അധിക നികുതി ഏർപെടുത്തുന്നതിനുള്ള നിർദേശം ഉൾപ്പെടുത്തിയിരുന്നത്. വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും അതുവഴി ഓഹരി വിപണിയിലെ തകർച്ച ഒഴിവാക്കുന്നതിനും ഈ നീക്കം വഴി കഴിയുമെന്ന് കേന്ദ്ര ധനമന്ത്രാലയം കണക്കുകൂട്ടുന്നു.

ജൂലൈ മാസത്തിൽ മാത്രം വിദേശ നിക്ഷേപകരെ ഇന്ത്യൻ ഓഹരി കമ്പോളത്തിൽ നിന്ന് ഏകദേശം 180 കോടി ഡോളർ പിൻവലിച്ചതായി റിപ്പോർട്ടുണ്ട്. സൂപ്പർ റിച്ച് ടാക്‌സ് ഇതിന് ഒരു കാരണമായതായി സർക്കാർ കരുതുന്നു. അതുകൊണ്ട് ഓഹരി വിപണിയിലെ നിക്ഷേപകരും വിദഗ്ധരുമായി സർക്കാർ ഇക്കാര്യം ചർച്ച ചെയ്യുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

പുതിയ സർചാര്ജും സെസും ഉൾപ്പെടുത്തുമ്പോൾ രണ്ടു മുതൽ അഞ്ചു കോടി രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് മൊത്തം 39 ശതമാനം ആദായ നികുതി വരും. അഞ്ചു കോടിക്ക് മേൽ വരുമാനമുള്ളവർക്ക് ഇത് 42 .7 ശതമാനവുമാകും.