ദീപാവലി സമ്മാനം ഏറ്റു, 1000 കമ്പനികൾക്ക് കിട്ടുന്നത് 37,000 കോടി, ഓഹരി വിപണിയിൽ അടിപൊളി മുന്നേറ്റം

ഇന്ത്യയിലെ 1000 പ്രമുഖ കമ്പനികൾക്ക് 37,000 കോടി രൂപ അധിക വരുമാനമായി ലഭിക്കും. കഴിഞ്ഞ വെള്ളിയാഴ്ച ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച കോർപറേറ്റ് നികുതി ഇളവ് വഴിയാണ് കമ്പനികൾക്ക് ഈ കനത്ത നേട്ടം ലഭ്യമാകുന്നത്. കോർപറേറ്റ് ആദായ നികുതി ഇനത്തിൽ ഇനി ഇത്രയും വലിയ തുക കുറച്ച് മാത്രം നൽകിയാൽ മതിയാകും ഈ കമ്പനികൾക്ക്. രാജ്യാന്തര റേറ്റിങ് ഏജൻസിയായ ക്രീസിൽ പുറത്തു വിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്.

നികുതിയിൽ കുറവ് വരുത്തിയതോടെ ഇന്ത്യ ഇക്കാര്യത്തിൽ ഏഷ്യയിലെ പ്രമുഖ രാജ്യങ്ങൾക്കൊപ്പമായെന്നും ക്രിസിൽ നിരീക്ഷിക്കുന്നു. 25.17 ശതമാനമായാണ് കോർപറേറ്റ് നികുതി കുറച്ചത്. അതിനിടെ നികുതി ഇളവിന്റെ പിൻബലത്തിൽ തകർത്തു കയറിയ ഓഹരി വിപണി ഇന്നും വമ്പൻ മുന്നേറ്റം തുടരുകയാണ്. സെൻസെക്‌സ് 1244 .41 പോയിന്റ് ഉയർന്ന് 39,259 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 369 .95 പോയിന്റ് ഉയർന്ന് 11,644 .15 പോയിന്റിലേക്ക് കുതിച്ചു.