കേന്ദ്ര ബജറ്റില്‍ ചൂടുപിടിച്ച് ഓഹരി വിപണി; സെന്‍സെക്‌സ് 230 പോയിന്റ് ഉയര്‍ന്നു

കേന്ദ്ര ബജറ്റ് അവതരണം ഇന്ന് നടക്കവേ ഓഹരി വിപണിയില്‍ ശക്തമായ മുന്നേറ്റം. സെന്‍സെക്‌സ് 236.97 പോയിന്റ് ഉയര്‍ന്ന് 36,201.99 പോയിന്റിലും നിഫ്റ്റി 62.50 പോയിന്റ് ഉയര്‍ന്ന് 11,090.20 പോയിന്റിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

മോഡി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റായതിനാല്‍ കാര്‍ഷികം വ്യാവസായികം അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പടെയുള്ള മേഖലകള്‍ക്ക് അനകൂലമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി. ബിഎസ്ഇയിലെ 1,500 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 634 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഡിഎല്‍എഫ്, ടാറ്റ പവര്‍, എച്ച്സിഎല്‍ ടെക്, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, റിലേന്‍സ് ജിയോ, ബജാജ് ഫൈനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ലുപിന്‍, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.