ലോജിസ്റ്റിക്സിന് പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്ന് നിർദേശം

ലോജിസ്റ്റിക് സേവനങ്ങളുടെ നിയന്ത്രണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിന് വാണിജ്യ മന്ത്രാലയം നിർദേശം സമർപ്പിച്ചു. രണ്ടാം മോദി സർക്കാരിന്റെ 100 ദിന
കർമ്മ പദ്ധതികളുടെ ഭാഗമായാണ് ഈ നിർദേശം നൽകിയിരിക്കുന്നത്.

ഇന്ത്യയിൽ പ്രതിവർഷം 10,000 മുതൽ 15,000 കോടി ഡോളർ വരെ ബിസിനസ്, ലോജിസ്റ്റിക്സ് രംഗത്ത് നടക്കുന്നുണ്ടെന്നാണ് കണക്ക്. അഞ്ചു ശതമാനമാണ് പ്രതിവർഷ വളർച്ച നിരക്ക്. ഇന്ത്യയിലെ ലോജിസ്റ്റിക്സ് ബിസിനസിന്റെ ഏറിയ പങ്കും നടക്കുന്നത് 15 സംസ്ഥാനങ്ങളിലാണ്. രാജ്യത്തിൻറെ  മൊത്തം കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ സംസ്ഥാനങ്ങളിലൂടെയാണ്.

2017 ജൂലൈയിൽ ഇതിനായി സ്പെഷ്യൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴിൽ വാണിജ്യ മന്ത്രാലയത്തിൽ പ്രത്യേക ഡിവിഷൻ രൂപീകരിച്ചിരുന്നു. ഇത് പ്രത്യേക വകുപ്പാക്കി മാറ്റണമെന്നാണ് നിർദേശം. ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ നിരവധി തുറമുഖങ്ങളും ദേശീയ പാതകളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇവയുടെ ഏകോപനത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്നാണ് നിർദേശം. എന്നാൽ ഗതാഗത, തുറമുഖ വകുപ്പുകൾ ഈ നിർദേശത്തെ എതിർക്കുമെന്നാണ് അറിയുന്നത്.