ഫണ്ട് കേന്ദ്ര സർക്കാരിന് നൽകണമെന്ന നിർദേശത്തെ എതിർത്ത് സെബി ചെയർമാൻ

സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ [ സെബി] പൊതുഫണ്ടിന്റെ 75 ശതമാനം സർക്കാരിന് കൈമാറണമെന്ന നിർദേശത്തിനെതിരെ ചെയർമാൻ അജയ് ത്യാഗി രംഗത്തെത്തി. നിർമല സീതാരാമൻ ജൂലൈ അഞ്ചിന് അവതരിപ്പിച്ച ബജറ്റിലാണ് ഈ നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ നിർദേശം സെബിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും അതുകൊണ്ട് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ധനമന്ത്രാലയത്തിന് കത്ത് നൽകി. സെബി എംപ്ലോയീസ് അസോസിയേഷൻ, ഓഹരി ബ്രോക്കർമാരുടെ സംഘടനയായ ബ്രോക്കേഴ്‌സ് ഫോറം തുടങ്ങി നിരവധി സംഘടനകൾ ബജറ്റ് നിർദേശത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ഇത് സെബിക്ക് മേൽ അധിക നികുതി ചുമത്തുന്നതിന് തുല്യമാണെന്ന് ഇവർ പറയുന്നു. 2018 മാർച്ചിൽ 3500 കോടിയും 2019 മാർച്ചിൽ 3800 കോടി രൂപയുമാണ് സെബിയുടെ റിസർവ് ഫണ്ടായി സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ 75 ശതമാനം സർക്കാരിന് കൈമാറണമെന്നാണ് നിർദേശം. അതായത് 2800 കോടി രൂപ സെബി സർക്കാരിന് കൈമാറേണ്ടതായി വരും.