കേരളത്തില്‍ ഗ്രാമീണ മേഖലയിലേതടക്കം 100 ലേറെ ശാഖകള്‍ക്ക് എസ്.ബി.ഐ താഴിടുന്നു

ലയനത്തോടെ ഗ്രാമീണ മേഖലയിലടക്കമുളള ഇടപാടുകള്‍ക്ക് അമിത ഫീസ് ഇടാക്കി വാര്‍ത്തയില്‍ ഇടം പിടിച്ച എസ് ബി ഐ മറ്റൊരു പ്രഹരത്തിനായി കോപ്പുകൂട്ടുന്നു. ഗ്രാമീണ മേഖലയിലടക്കം നൂറോളം ശാഖകള്‍ ഉടന്‍ പൂട്ടാനാണ് ബാങ്ക് തീരുമാനം. ഇതിനകം തന്നെ 44 ശാഖകള്‍ പുട്ടിയ ബാങ്ക് മറ്റൊരു 66 എണ്ണത്തിന് ഉടന്‍ താഴിടും.200 ഓളം ശാഖകള്‍ പൂട്ടാനായിരുന്നു നേരത്തെയുള്ള തീരുമാനം.

എസ് ബി ടി – എസ് ബി ഐ ലയനം ഏപ്രിലോടെ പ്രാബല്യത്തിലായിരുന്നെങ്കിലും മിക്ക സ്ഥലങ്ങളിലും രണ്ടു ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തനം തുടരുന്നുണ്ടായിരുന്നു. ഉപഭോക്താക്കളില്‍ നിന്ന് എതിര്‍പ്പ് ഉണ്ടാവുമെന്ന് ഭയന്നാണ് അന്ന് ബാങ്കുകള്‍ ഉടനടി പൂട്ടാതിരുന്നത്. ഒരേ പ്രദേശത്ത്എസ് ബി ഐയുടെയും എസ് ബി ടിയുടെയും ശാഖകള്‍ പ്രവര്‍ത്തിക്കുന്നുതില്‍ ചെറിയ ശാഖയാണ് പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. പൂട്ടിയ ശാഖയുടെ ഉപഭോക്താക്കളുടെ ഇടപാടുകള്‍ നിലനിര്‍ത്തുന്ന ശാഖയിലേക്ക് മാറ്റും. ജീവനക്കാരെയും പുനര്‍വിന്യസിക്കും.

കെട്ടിടത്തിന് സ്ഥലപരിമിതിയുണ്ടെങ്കില്‍ മറ്റൊരു കെട്ടിടം കണ്ടെത്തി അങ്ങോട്ട് മാറ്റും. പലസ്ഥലങ്ങളിലും കെട്ടിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാങ്ക്. ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും രണ്ട് ശാഖകളും നിലനിര്‍ത്താന്‍ ജനപ്രതിനിധികള്‍ വശ്യപ്പെട്ടിരുന്നു.എന്നാല്‍ ഒരു സ്ഥലത്ത് രണ്ടു ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് അധികച്ചെലവ് ഉണ്ടാക്കുമെന്നാണ് ബാങ്കിന്റെ നിലപാട്.