രാജ്യവ്യാപക പ്രതിഷേധത്തില്‍ എസ്ബിഐ മുട്ടു മടക്കി; മിനിമം ബാലന്‍സ് ചട്ടം പരിഷ്കരിക്കുന്നു

രാജ്യവ്യാപകമായി ഉയരുന്ന വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് മിനിമം ബാലന്‍സ് സംവിധാനം ഒഴിവാക്കാനൊരുങ്ങി എസ്ബിഐ. അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട കുറഞ്ഞ തുക 1000 രൂപയാക്കാനാണ് എസ്ബിഐ ആലോചിക്കുന്നത്. നഗര പ്രദേശങ്ങളില്‍ ഉപഭോക്താക്കള്‍ ബാങ്ക് അക്കൗണ്ടുകളില്‍ 3000 രൂപ മിനിമം ബാലന്‍സ് ആയി നിലനിര്‍ത്തണമെന്ന എസ്.ബി.ഐ വിജ്ഞാപനം രാജ്യവ്യാപകമായി പ്രതിഷേധം സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞ ജൂണിലാണ് 5000 രൂപ മിനിമം ബാലന്‍സായി എസ്ബിഐ നിശ്ചയിച്ചത്. പ്രതിഷേധം വ്യാപകമായപ്പോള്‍ മെട്രോ നഗരങ്ങളില്‍ 3,000വും നഗരങ്ങളില്‍ 2000 രൂപയും ഗ്രാമീണ മേഖലയില്‍ 1000 രൂപയുമായി ഇത് കുറച്ചിരുന്നു. മിനിമം ബാലന്‍സ് ഇല്ലെന്ന കാരണം പറഞ്ഞ് പൊതുമേഖല ബാങ്കുകള്‍ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും എകദേശം 2320 കോടിയോളം രൂപ ഈടാക്കിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം ഇത്തരത്തില്‍ 1771 കോടിരൂപ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ചു.ഇത് രാജ്യവ്യാപകമായി വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

മിനിമം ബാലന്‍സ് ഇല്ലാത്തവരുടെ അക്കൗണ്ടില്‍ നിന്ന് 25 രൂപ മുതല്‍ 100 രൂപവരെയാണ് പിഴ ഈടാക്കിയിരുന്നത്. ഇത് 20 രൂപ മുതല്‍ 50 രൂപവരെയാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. പലപ്പോഴും മിനിമം ബാലന്‍സ് നിലിര്‍ത്താന്‍ കഴിയാതെ പോകുന്നത് പാവപ്പെട്ടവര്‍ക്കാണ് എന്നുള്ളതിനാല്‍ ഈ തീവട്ടികൊള്ളയ്ക്ക് ഇരയാകുന്നവരില്‍ ഭൂരിഭാഗവും ഈ വിഭാഗത്തില്‍ നിന്നുള്ളവാരാണ്. ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ എസ് ബി ഐ യുടെ അറ്റാദായത്തേക്കാള്‍ കൂടുതലാണ് പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ നിന്ന്് ഇങ്ങനെ പിഴയായി വസൂലാക്കിയ തുക.