കാർഡ് കൈയിലില്ല, എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കണം? വഴിയുണ്ട്

അത്യാവശ്യമായി എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കണം, എ.ടി.എം കാർഡ് കൈയിലില്ല, എന്ത് ചെയ്യും ? വഴിയുണ്ട്.  കാർഡില്ലാതെ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കുന്ന യോനോ [ യു ഒൺലി നീഡ് വൺ – YONO] ക്യാഷ് സൗകര്യവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ് ബി ഐയുടെ 16,500 എ.ടി.എമ്മുകളിൽ ഈ സൗകര്യം ഏർപ്പെടുത്താനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ഇത്തരം എ.ടി.എമ്മുകൾ “യോനോ ക്യാഷ് പോയിന്റുകൾ” എന്നാണ് അറിയപ്പെടുക.

ഇതിനായി കസ്റ്റമർ തങ്ങളുടെ മൊബൈൽ ഫോണിലേക്ക് യോനോ ആപ്പ് ഡൌൺലോഡ് ചെയ്യണം. അതിനു ശേഷം ആറ് അക്കങ്ങളുള്ള യോനോ പിൻ നമ്പർ സെറ്റ് ചെയ്യണം. പിന്നീട് ക്യാഷ് പിൻവലിക്കുന്നതിനുള്ള മെസ്സേജ് സെൻഡ് ചെയ്യുക. അപ്പോൾ എസ് എം എസ് വഴിയായി ആറ് അക്ക ഒ ടി പി നമ്പർ ലഭിക്കുന്നു. യോനോ പിൻ നമ്പർ എന്റർ ചെയ്തശേഷം ഒ ടി പി കൂടി എന്റർ ചെയ്താൽ എ ടി എമ്മിൽ നിന്ന് പണം പിൻവലിക്കാൻ കഴിയും. ഒ ടി പി നമ്പർ നമ്പർ ലഭിച്ചാൽ മുപ്പത് മിനിറ്റിനകം ക്യാഷ് പിൻവലിക്കണം.
ഇന്ത്യയിൽ ആദ്യമായാണ് ഒരു ബാങ്ക് യോനോ സൗകര്യം ഏർപ്പെടുത്തുന്നത്. എ.ടി.എം കാർഡ് ഉപയോഗിക്കുന്നതിനേക്കാൾ സുരക്ഷിതമാണ് യോനോ എന്ന് എസ് ബി ഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു.