സൗദി ഇനി ടൂറിസ്റ്റ് വിസ അനുവദിക്കും, സിനിമക്കുള്ള നിരോധനം നീക്കി, സംഗീതനിശകൾക്കും അനുമതി

വിസ നയത്തിൽ ചരിത്രപരമായ മാറ്റം വരുത്തി സൗദി അറേബ്യ. ഇനി മുതൽ ടൂറിസ്റ്റ് വിസ അനുവദിക്കാൻ ഇന്നലെ ചേർന്ന സൗദി കാബിനറ്റ് യോഗം തീരുമാനിച്ചു. സ്പോർട്സ് മത്സരങ്ങൾ കാണുന്നതിനും കലാപരിപാടികൾ ആസ്വദിക്കുന്നതിനുമായി പ്രത്യേക വിസ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സൗദി അറേബ്യയുടെ കർശനമായ മത രാഷ്ട്രം എന്ന പ്രതിച്ഛായ മാറ്റി ഒരു സ്വതന്ത്ര സമ്പദ്ഘടനയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ജോലിക്കാർ, ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്നവർ, തീർത്ഥാടകർ, പ്രമുഖ മോസ്‌കുകളും മറ്റും സന്ദർശിക്കാൻ എത്തുന്നവർ തുടങ്ങിയവർക്കാണ് സൗദി ഇതുവരെ വിസ നൽകിയിരുന്നത്.

ടൂറിസ്റ്റുകൾക്ക് വിസ നൽകുന്ന കാര്യം സൗദി കുറെ വർഷങ്ങളായി പരിഗണിക്കുന്നുണ്ടെങ്കിലും യാഥാസ്ഥിതികരുടെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും എതിർപ്പ് മൂലം നടക്കാതെ പോവുകയായിരുന്നു. എന്നാൽ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പരിഷ്കരണ നടപടികളാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത് എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2020ൽ 4660 കോടി ഡോളർ വിനോദ സഞ്ചാര മേഖലയ്ക്ക് വേണ്ടി ചെലവഴിക്കാനാണ് തീരുമാനം.

24 മണിക്കൂറിനകം ടൂറിസ്റ്റ് വിസ അനുവദിക്കാനാണ് നീക്കമെന്ന് അറബ് ന്യൂസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. സൽമാൻ രാജകുമാരന്റെ പരിഷ്കരണ നടപടികളുടെ ഭാഗമായി സിനിമക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു, പാശ്ചാത്യ സംഗീതജ്ഞരുടെ പരിപാടികൾ അനുവദിക്കാനും സ്പോർട്സ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും തീരുമാനമായി.

അതിനിടെ, സൽമാൻ രാജകുമാരനെതിരെ സമരം ചെയ്യാൻ ശ്രമം നടത്തി എന്ന ആരോപണത്തിന്റെ പേരിൽ പന്ത്രണ്ടോളം പേരെ അറസ്റ്റ് ചെയ്തു.