സത്യാ നദെല്ല അടുത്തയാഴ്ച ഇന്ത്യയിലെത്തുന്നു

ലോകത്തെ പ്രമുഖ കമ്പനികളിൽ ഒന്നായ മൈക്രോസോഫ്റ്റിന്റെ സി ഇ ഒ, സത്യാ നദെല്ല ഇന്ത്യ സന്ദർശിക്കുന്നു. അടുത്തയാഴ്ച നദെല്ല ഇന്ത്യയിലെത്തും. യു എസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്ന ആഴ്ചയിൽ തന്നെയാണ് നാദെല്ലയും ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യയിലെ ബിസിനസ് രംഗത്ത് മൈക്രോസോഫ്റ്റിന്റെ സ്വാധീനം കൂടുതൽ ഉറപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ സന്ദർശന ലക്‌ഷ്യം.

1990 ലാണ് മൈക്രോസോഫ്റ്റ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നത്. ഇന്ത്യയിൽ തങ്ങളുടെ മൂന്നാമത്തെ ഡെവലപ്മെന്റ് സെന്ററിന് കമ്പനി തിങ്കളാഴ്ച തുടക്കം കുറിച്ചു . നോയിഡയിലാണ് ഈ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്. ബംഗളൂരുവിലും ഹൈദെരാബാദിലുമാണ് നേരത്തെ ഇത്തരം സെന്ററുകൾ തുറന്നത്. ഡൽഹിക്ക് പുറമെ മുംബൈയിലും ഹൈദരാബാദിലും സത്യാ നദെല്ല സന്ദർശനം നടത്തുന്നുണ്ട്.