എസ്. വി രംഗനാഥ് കഫേ കോഫി ഡേയുടെ താത്കാലിക ചെയർമാൻ

വി ജി സിദ്ധാർത്ഥയുടെ മരണത്തെ തുടർന്ന് കഫെ കോഫി ഡേയുടെ താത്കാലിക ചെയർമാനായി എസ്. വി രംഗനാഥിനെ കമ്പനി നിയോഗിച്ചു. ഇപ്പോൾ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറാണ് രംഗനാഥ്. റിട്ടയർ ചെയ്ത ഐ എ എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ചീഫ് എക്സിക്യൂട്ടീവിന്റെ അധികാരങ്ങൾ കയ്യാളുന്നതിന് ഒരു കമ്മറ്റിയേയും നിയോഗിച്ചിട്ടുണ്ട്. നിതിൻ ഭാഗമാനെയെ താത്കാലിക സി ഒ ഒ ആയും നിയോഗിച്ചു. ഇവർക്ക് രണ്ടു പേർക്കും പുറമെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ ആർ രാംമോഹൻ കൂടി ഉൾപ്പെട്ടതാണ് കമ്മറ്റി. ഡയറക്ടർ ബോർഡ് യോഗം ആഗസ്റ്റ് എട്ടിന് ചേരുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ട് മുതൽ കാണാതായ അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് നേത്രാവതി പുഴയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. ബിസിനസ് സാമ്രാജ്യം തകർന്നതിന്റെയും വൻ കടബാധ്യതയുടെയും സമ്മർദം താങ്ങാനാകാതെ അദ്ദേഹം നദിയിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

അതിനിടെ കമ്പനിയുടെ ഓഹരി മൂല്യം ഇന്ന് വീണ്ടും ഇടിഞ്ഞു. വില 20 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. ഇന്ന് ഈ ഷെയറിന്റെ മൂല്യം 123 .25 രൂപയിലേക്ക് താഴ്ന്നു.