ആർ സെപ് കരാർ ഈ വർഷം നിലവിൽ വരില്ല, എതിർപ്പ് ശക്തമാക്കി ഇന്ത്യ, ഫെബ്രുവരിയിൽ ഒപ്പിടാൻ സാധ്യത

ആർ സി ഇ പി [ആർ സെപ്] കരാർ ഒപ്പു വയ്ക്കുന്നതിന് ബാങ്കോക്കിൽ ചേർന്ന 16 രാജ്യങ്ങളുടെ ഉച്ചകോടി വിജയം കണ്ടില്ല. ഇന്ത്യ ഉൾപ്പടെയുള്ള ഏതാനും രാജ്യങ്ങൾ കരാറിലെ വ്യവസ്ഥകളിൽ കൂടുതൽ വ്യക്തത കൈവരിക്കണമെന്ന ആവശ്യം ശക്തമാക്കിയതാണ് ബാങ്കോക്ക് ഉച്ചകോടി വിജയമാകാതിരിക്കാൻ കാരണമായത്. അടുത്ത ഫെബ്രുവരിയിൽ കരാർ ഒപ്പിടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉച്ചകോടിയുടെ ആതിഥേയരായ തായ്‌ലൻഡ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം തന്നെ കരാർ സാധ്യമാക്കാനുള്ള ശ്രമങ്ങളാണ് നടന്നു വന്നിരുന്നത്.

എന്നാൽ ചൈനയും ആസിയാൻ അംഗ രാജ്യങ്ങളും ആർ സി ഇ പി കരാർ എത്രയും വേഗം ഒപ്പിടണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ആസിയാൻ രാജ്യങ്ങൾക്ക് പുറമെ ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ആസ്‌ട്രേലിയ, ന്യൂസീലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപെടുന്നതാണ് കരാർ. ഇത് നിലവിൽ വരുന്നതോടെ ഈ രാജ്യങ്ങൾ തമ്മിൽ മിക്കവാറും ഉത്പന്നങ്ങൾക്കും തീരുവ കൂടാതെ ഇറക്കുമതി ചെയ്യാൻ കഴിയും. ഇന്ത്യ ചില പുതിയ വ്യവസ്ഥകൾ മുന്നോട്ട് വച്ചതോടെയാണ് കരാർ ഈ വർഷം തന്നെ ഒപ്പിടുന്നത് പ്രതിസന്ധിയിലായത്. ഇന്ത്യയിലെ കാർഷിക മേഖലയെയും ക്ഷീര മേഖലയെയും ഏറെ ദോഷകരമായി ബാധിക്കുന്ന കരാറിനെതിരെ എതിർപ്പുകൾ വ്യാപകമാണ്.