ബാങ്കിംഗ് മേഖല വലിയ പ്രതിസന്ധിയില്‍; ആര്‍.ബി.ഐ ജാഗ്രത പുലര്‍ത്തുന്നില്ല: അഭിജിത്ത് ബാനര്‍ജി

ഇന്ത്യന്‍ ബാങ്കിംഗ് മേഖല വലിയതും ആഴത്തിലുള്ളതുമായ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി പറഞ്ഞു.
അഴിമതി ബാധിച്ച പിഎംസി ബാങ്കിന്റെയും ബാങ്കിംഗ് മേഖലയിലെ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കവെയാണ് ബാനര്‍ജി ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് നഷ്ടത്തിലോടുന്ന ബാങ്കുകള്‍ വില്‍ക്കാനുള്ള അവസരമായി ഈ പ്രശ്‌നം ഉപയോഗിക്കാമെന്ന് പറഞ്ഞു.

‘ബാങ്കിംഗ് സംവിധാനം ഇപ്പോള്‍ വലിയ പ്രശ്നമാണ് നേരിടുന്നത്. ഇത് നിരവധി വര്‍ഷങ്ങളായി ഈ മേഖല കുഴപ്പത്തിലാണെന്ന് ഞാന്‍ കരുതുന്നു. ഇത് ഗുരുതരമായ പ്രശ്‌നമാണ്. .ചെലവഴിക്കാന്‍ ധാരാളം പണത്തിന്റെ ആവശ്യമുണ്ടാവുകയും സര്‍ക്കാരിന് അക്കൗണ്ടില്‍ പണമില്ലാത്തതുമായ അവസ്ഥയാണ് നിലവിലുള്ളത്’, ബാനര്‍ജി പറഞ്ഞു.

നിരവധി ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അത് ഇനിയും കൂടുവാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്നും പെട്ടെന്നുതന്നെ പ്രശ്നങ്ങള്‍ സംഭവിക്കുവാന്  സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെകളില്‍ പ്രശ്നങ്ങളില്ലായിരുന്നിരിക്കാം. എന്നാല്‍ ഇന്ന് ഉദാഹരണമായി പി.എം.സി ബാങ്ക് നമുക്ക് മുന്നിലുണ്ട്. കുറച്ചുകാലമായി കണ്ടുകൊണ്ടിരിക്കുന്ന രീതിയാണത്. ഈ പ്രശ്നം അതീവ ഗുരുതരാവസ്ഥയിലേക്ക് പോവുമെന്നാണ് എനിക്ക് തോന്നുന്നത്’.

‘ഈ അവസരം ബാങ്കുകള്‍ വില്‍ക്കാനും കുറച്ച് പണം സ്വരൂപിക്കാനും ആ പണം ബാങ്കുകള്‍ക്ക് ജാമ്യം നല്‍കാനും പ്രേരിപ്പിക്കുക എന്നതാണ് ശരിയായ കാര്യം എന്ന് ഞാന്‍ കരുതുന്നു,” അദ്ദേഹം പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരമനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ 76,600 കോടിയാണ് കിട്ടാക്കടമായി എഴുതിതള്ളിയത്. ഇത് ബാങ്കിന് ആളുകളില്‍ വിശ്വാസമില്ലാത്ത അവസ്ഥയിലേക്കെത്തിക്കുമെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു.

‘അതെ, ആളുകളെ വിശ്വാസത്തിലെടുക്കാന്‍ പറ്റാത്ത അവസ്ഥ തന്നെയാണ്. പക്ഷേ, അതിന് ആളുകളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അതൊരു മുന്നറിയിപ്പാണ്. അതിലും വലുതാണ് വരാനിരിക്കുന്നത്. ബാങ്കുകള്‍ക്ക് വരാന്‍ പോകുന്ന പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ആര്‍.ബി.ഐ പ്രാപ്തമാകുന്നില്ല’, അദ്ദേഹം പറഞ്ഞു.