പലിശ നിരക്ക് വീണ്ടും കുറച്ചു, റിപ്പോ നിരക്ക് 5.40 ശതമാനമാക്കി; ബാങ്ക് വായ്പാ നിരക്കുകൾ കുറയാൻ സാധ്യത

റീപോ നിരക്ക് റിസർവ് ബാങ്ക് 35 ബേസിസ് പോയിന്റ് കുറച്ച് 5 .4 ശതമാനമാക്കി. 5 .75 ശതമാനത്തിൽ നിന്നാണ് റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി അവലോകന സമിതി നിരക്ക് കുറിച്ചിരിക്കുന്നത്. ഇന്ന് റിസർവ് ബാങ്ക് ആസ്ഥാനത്ത് ഗവർണർ ശക്തികാന്ത ദാസാണ് പലിശ നിരക്ക് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. തുടർച്ചയായി നാലാം തവണയാണ് പലിശ നിരക്കിൽ കുറവ് വരുത്തുന്നത്. ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുവദിക്കുന്ന വായ്പയുടെ പലിശ നിറക്കാൻ റിപ്പോ നിരക്ക്.

ഇതിന്റെ അടിസ്ഥാനത്തിൽ റിവേഴ്‌സ് റിപ്പോ നിരക്ക് 5 .15 ശതമാനമായി കുറയും. 2019 -20 സാമ്പത്തിക വർഷത്തെ ജി ഡി പി വളർച്ച നിരക്കിൽ സമിതി കുറവ് വരുത്തിയിട്ടുണ്ട്. ഏഴ് ശതമാനത്തിൽ നിന്ന് 6 .9 ശതമാനമായാണ് കുറവ് വരുത്തിയിരിക്കുന്നത്. സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ വായ്പ പലിശ നിരക്കുകൾ കുറയുന്നതിന് വേണ്ടിയാണ് റിപ്പോ നിരക്കിൽ കുറവ് വരുത്തിയത്. റിയൽ എസ്റ്റേറ്റ്, എഫ് എം സി ജി, ആട്ടോ, എൻ ബി എഫ് സി തുടങ്ങിയ നിരവധി മേഖലകൾ ഇപ്പോൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇതാണ് പലിശ നിരക്കിൽ ഇളവ് വരുത്താനുള്ള പ്രധാന കാരണം. സ്വാഭാവികമായി ബാങ്ക് വായ്പകളുടെ പലിശ വീണ്ടും കുറയുമെന്ന് മാർക്കറ്റ് വൃത്തങ്ങൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ആഴ്ച അമേരിക്ക അടിസ്ഥാന പലിശ നിരക്ക് 2 .25 ശതമാനത്തിൽ നിന്നും രണ്ടു ശതമാനമായി കുറച്ചിരുന്നു.