റിസർവ് ബാങ്കിന്റെ കൈവശം 607 ടൺ സ്വർണം, ഏറ്റവും കൂടുതൽ സ്വർണമുള്ളത് അമേരിക്കയിൽ

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള കേന്ദ്ര ബാങ്കുകളുടെ കൂട്ടത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പത്താം സ്ഥാനത്തേക്ക് കയറി. 2019 ജനുവരിയിൽ ആറര ടൺ സ്വർണം കൂടി വാങ്ങിയതോടെ ആർ ബി ഐയുടെ കൈവശമുള്ള മൊത്തം സ്വർണ ശേഖരം 607 ടൺ ആയി. നെതർലാൻഡ്സിനെ മറികടന്നാണ് ഇന്ത്യ പത്താം സ്ഥാനം പിടിച്ചത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്തെ കേന്ദ്ര ബാങ്കുകൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിന്റെ 6.2 ശതമാനം റിസർവ് ബാങ്കിന്റെ കൈവശമാണ്.

2018ൽ 600 ടൺ സ്വർണമാണ് ലോകത്തെ വിവിധ സെൻട്രൽ ബാങ്കുകൾ വാങ്ങി ശേഖരിച്ചത്. കഴിഞ്ഞ അമ്പത് വർഷത്തിനിടയിലെ ഏറ്റവും കൂടിയ തോതിലുള്ള വാങ്ങലായിരുന്നു ഇത്.

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ളത് അമേരിക്കയിലാണ് . 8133 ടൺ സ്വർണം അവരുടെ കൈവശമുണ്ട്. അമേരിക്കയുടെ മൊത്തം സുരക്ഷിത നിക്ഷേപത്തിന്റെ 75 ശതമാനവും സ്വർണത്തിലാണ് നിക്ഷേപിച്ചിരിക്കുന്നത്. 70.6 ശതമാനം റിസർവ് സ്വർണമായി സൂക്ഷിച്ചിരിക്കുന്ന ജർമ്മനിയാണ് രണ്ടാം സ്ഥാനത്ത് , ഇവർ 3370 ടൺ സ്വർണമാണ് സൂക്ഷിച്ചിരിക്കുന്നത്. ഐ. എം. എഫിന്റെ കൈവശം 2814 ടൺ സ്വർണമാണുള്ളത്. ഇറ്റലിയുടെ കൈവശം 2452 ടൺ സ്വർണമുണ്ട്.

ഫ്രാൻസ് 2436 ടണ്ണും റഷ്യ 2119 ടണ്ണും സൂക്ഷിച്ചിട്ടുണ്ട്. 1864 ടൺ സ്വർണവുമായി ചൈന തൊട്ടടുത്തുണ്ട്. സ്വിറ്റ്‌സർലൻഡ് 1040 ടണ്ണും ജപ്പാൻ 765 ടൺ സ്വർണവുമാണ് സുരക്ഷിത നിക്ഷേപം എന്ന രീതിയിൽ സൂക്ഷിച്ചിരിക്കുന്നത്. ചൈനയും ജപ്പാനും മൊത്തം റിസർവിന്റെ വെറും 2 .5 ശതമാനം മാത്രമാണ് സ്വർണത്തിൽ സൂക്ഷിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.