കുറഞ്ഞ നിരക്കിൽ വിമാന സർവീസ്; ഇന്ത്യയിൽ പുതിയ വിമാനക്കമ്പനി ആരംഭിക്കാൻ പദ്ധതിയിട്ട് ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാല

 

ഇന്ത്യയിൽ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന പുതിയ വിമാനക്കമ്പനിക്കായി നാല് വർഷത്തിനുള്ളിൽ 70 വിമാനങ്ങൾ സ്വന്തമാക്കാൻ പദ്ധതിയിട്ട് ശതകോടീശ്വരനും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല. വരും നാളുകളിൽ കൂടുതൽ ആളുകൾ വിമാനത്തിൽ യാത്ര ചെയ്യുന്ന സാഹചര്യം ഉണ്ടാകും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് പുതിയ വിമാനക്കമ്പനി തുടങ്ങാൻ രാകേഷ് ജുൻജുൻവാല ഒരുങ്ങുന്നത്.

35 മില്യൺ ഡോളർ നിക്ഷേപം നടത്താനാണ് രാകേഷ് ജുൻജുൻവാല ആലോചിക്കുന്നത്. കമ്പനിയുടെ 40 ശതമാനം ഉടമസ്ഥാവകാശം രാകേഷ് ജുൻജുൻവാലയ്ക്കായിരിക്കും. അടുത്ത 15 ദിവസത്തിനുള്ളിൽ ഇന്ത്യയുടെ വ്യോമയാന മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്ലൂംബെർഗ് ടെലിവിഷൻ അഭിമുഖത്തിൽ രാകേഷ് ജുൻജുൻവാല പറഞ്ഞു.

വളരെ കുറഞ്ഞ നിരക്കിൽ വിമാന സർവീസ് നടത്താൻ ആലോചിക്കുന്ന കമ്പനിയുടെ പേര് ആകാസ എയർ എന്നായിരിക്കും. ഡെൽറ്റ എയർ ലൈൻസിന്റെ മുൻ സീനിയർ എക്സിക്യൂട്ടീവ് ഉൾപ്പെടുന്ന സംഘവും കമ്പനിയോടൊപ്പം പ്രവർത്തിക്കും. 180 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന വിമാനങ്ങൾ വാങ്ങുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും രാകേഷ് ജുൻജുൻവാല പറഞ്ഞു.