നല്ല അവസരം ഒത്തു വന്നാൽ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് രഘുറാം രാജൻ

ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു അവസരം ഒത്തു വന്നാൽ ഇന്ത്യയിലേക്ക് മടങ്ങാൻ താൻ ഒരുക്കമാണെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. കോൺഗ്രസ് മുന്നണി അധികാരത്തിൽ വന്നാൽ അദ്ദേഹമായിരിക്കും ധനമന്ത്രി എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് രഘുറാം രാജൻ തന്റെ മനസ് തുറന്നത്. “ദി തേർഡ് പില്ലർ” എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാഹുൽ ഗാന്ധി പ്രഖ്യാപിച്ച മിനിമം വേതന പദ്ധതിയുടെ കാര്യങ്ങൾ രഘുറാം രാജനുമായി ചർച്ച ചെയ്തിരുന്നതായി രാഹുൽ വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ അതിനെ കുറിച്ച് എന്തെങ്കിലും പറയുന്നത് അനുചിതമായിരിക്കുമെന്ന് സി എൻ ബി സി ടെലിവിഷന് അനുവദിച്ച അഭിമുഖത്തിൽ രാജൻ പറഞ്ഞു. 2013 മുതൽ 2016 വരെ റിസർവ് ബാങ്ക് ഗവർണറായിരുന്ന അദ്ദേഹം ഇപ്പോൾ അമേരിക്കയിലെ ബൂത്ത് സ്‌കൂൾ ഓഫ് എക്കണോമിക്സിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുകയാണ്.