ഇപ്പോൾ വേണ്ടത് രോഗം പടരുന്നത് തടയൽ, മുഴുവൻ ശക്തിയും ഇതിനായി ഉപയോഗിക്കണം, സാമ്പത്തിക ഉത്തേജനം പിന്നീടെന്ന് രഘുറാം രാജൻ

കൊറോണ രോഗബാധ പടരുന്ന സാഹചര്യത്തിൽ ഇപ്പോൾ കഴിക്കേണ്ട സാമ്പത്തിക ടോണിക് രോഗം പടരാതിരിക്കാൻ വേണ്ട കാര്യങ്ങൾ അടിയന്തരമായി ചെയ്യുക എന്നതാണെന്ന് മുൻ റിസർവ് ബാങ്ക് ഗവർണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജൻ. സാമ്പത്തിക മേഖലയിൽ കൊറോണ, ഭീതി പടർത്തുന്ന സാഹചര്യത്തിലാണ് രഘുറാം രാജന്റെ പ്രതികരണം. ഇപ്പോൾ വേണ്ടത് രോഗം പടരാതെ നോക്കുക എന്നതാണ്. രാജ്യങ്ങൾ മുഴുവൻ സാമ്പത്തിക ശക്തിയും അതിനായി ഉപയോഗിക്കണം. സാമ്പത്തിക ഉത്തേജനത്തെ കുറിച്ച് നമുക്ക് പിന്നീട് ചിന്തിക്കാം.
ഈ ഘട്ടത്തിൽ കേന്ദ്ര ബാങ്കുകൾക്ക് ചെയ്യാനുള്ളത് വളരെ കുറവാണ്. ഗവണ്മെന്റ് കൂടുതൽ ചെലവാക്കണം. കൊറോണ നിയന്ത്രണവിധേയമാണെന്ന് കമ്പനികളെയും ജനങ്ങളെയും ബോദ്ധ്യപ്പെടുത്താൻ നമുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് ഇനി അധികം പടരാൻ സാദ്ധ്യതയില്ലെന്നും ഏതെങ്കിലും രീതിയിൽ ഇതിനുള്ള പ്രതിവിധി കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഇപ്പോൾ ചെയ്യേണ്ട പരമപ്രധാനമായ കാര്യം രോഗം പടരുന്നത് തടയുക എന്നതാണ് – ബ്ലൂംബെർഗ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ രഘുറാം രാജൻ വ്യക്തമാക്കി.

Read more

കൊറോണയുടെ സാഹചര്യത്തിൽ ലോക സാമ്പത്തിക രംഗം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2008- നു ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് ഇത്. ലോക സാമ്പത്തിക വളർച്ച ഈ വർഷം 2 .8 ശതമാനമായി ചുരുങ്ങും. ” ഒരാഴ്ചക്കിടയിൽ ലോകം കടുത്ത ആശങ്കയിലേക്ക് നീങ്ങി. ഇത് ആഗോള തലത്തിലുള്ള ഉത്പാദന കേന്ദ്രങ്ങളെയും സപ്ലൈ ചെയിനുകളെയും ഏറെ പ്രതികൂലമായി ബാധിച്ചു. ഉത്പാദന മേഖലകളുടെ ആഗോളവത്കരണത്തിനാണ് കൊറോണ വലിയ ഭീഷണിയായി മാറിയിരിക്കുന്നതെന്ന് രഘുറാം രാജൻ പറഞ്ഞു.