പേടിഎമ്മിന്റെ വിപണി മൂല്യമുയര്‍ന്നു, ലക്ഷപ്രഭുക്കളായി 200 ജീവനക്കാര്‍ !

കമ്പനിയുടെ വിപണി മൂല്യം ഉയര്‍ന്നതോടെ 200 ജിവനക്കാര്‍ ലക്ഷപ്രഭുക്കളായി. മൊബൈല്‍ പെയ്‌മെന്റ് സംവിധാനമായ പേടിഎം കമ്പനിയുടെ വിപണിമൂല്യം 10 മില്യണ്‍ കവിഞ്ഞതിനെ തുടര്‍ന്നാണിത്. 63,537 കോടി രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ വിപണി മൂല്യം.

ഇപ്പോള്‍ നിലവിലുള്ളതും കമ്പനി വിട്ടുപോവുന്നവരുമായ ജീവനക്കാര്‍ അവരുടെ കമ്പനിയിലെ ഓഹരികളടക്കമുള്ള ആസ്തികള്‍ പുതിയ നിക്ഷേപകര്‍ക്ക് വിറ്റപ്പോഴാണ് കോടികള്‍ തേടിയെത്തിയത്. ശമ്പളംകൂടാതെ കമ്പനിയുടെ ഓഹരികളിലും മറ്റ് ആസ്തികളിലുമായി ജീവനക്കാര്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ഇ.എസ്.ഒ.പി അഥവാ എംപ്ലോയീസ് സ്റ്റോക് ഓപ്ഷന്‍സ് എന്നാണ് പറയുക. 200 ജീവനക്കാര്‍ തങ്ങളുടെ ഇ.എസ്.ഒ.പികള്‍ 300 കോടി രൂപയ്ക്കാണ് വിറ്റത്.

ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ് ബാങ്ക് കമ്പനിയില്‍ 1.4 ബില്ല്യണ്‍ ഡോളര്‍ (ഏകദേശം 9000 കോടി രൂപ) നിക്ഷേപമിറക്കിയതോടെയാണ് പേടിഎമ്മിന്റെ മൂല്യം ഉയര്‍ന്നത്. ഇതോടെ മൂല്യത്തിന്റെ കാര്യത്തില്‍ പേടിഎം രണ്ടാം സ്ഥാനത്തെത്തി. ഫ്‌ളിപ്പ്കാര്‍ട്ടാണ് ഒന്നാമത്. നോട്ട് പിന്‍വലിച്ചതും തുടര്‍ന്നുണ്ടായ നോട്ട് ക്ഷാമവും പേടിഎം പോലുള്ള ഇന്റര്‍നെറ്റ, മെബൈല്‍ ബാങ്കിങ് സംവിധാനങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് നേടി കൊടുത്തത്.