ഹോട്ടൽ ഉടമകളുടെ ബഹിഷ്കരണത്തിനെതിരെ നിയമ നടപടി കൈക്കൊള്ളുമെന്ന് ഒയോ

മുറി ബുക്ക് ചെയ്ത് ഹോട്ടലിൽ എത്തുന്ന അതിഥികള്‍ക്കോ ഹോട്ടല്‍ ഉടമകള്‍ക്കോ അസൗകര്യങ്ങള്‍ ഉണ്ടാക്കുവാനോ ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പുകളോ ശ്രമിച്ചാല്‍ അവര്‍ക്കെതിരേ കമ്പനി നിയമപരമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഓയോ ഹോട്ടല്‍സ് വ്യക്തമാക്കി. വിവിധ വിഷയങ്ങളില്‍ ഓയോയുമായുളള തര്‍ക്കങ്ങളെ തുടര്‍ന്ന് ബുക്കിംഗ് ബഹിഷ്കരിച്ചു കൊണ്ട് എറണാകുളത്തെ ഹോട്ടല്‍ ഉടമകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ വിശദീകരണം . രണ്ട് ദിവസത്തേക്ക് ഓയോ വഴിയുളള ഹോട്ടല്‍ ബുക്കിംഗ് സ്വീകരിക്കില്ലെന്ന് എറണാകുളത്തെ ഹോട്ടല്‍ ഉടമകള്‍ വ്യക്തമാക്കിയിരുന്നു. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷനാണ് (കെഎച്ച്ആര്‍എ) പ്രതിഷേധങ്ങള്‍ നേതൃത്വം നല്‍കുന്നത്.

ഇതോടെ മുറി ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ഉപഭോക്താക്കള്‍ വലയുമെന്ന് ഏതാണ്ട് ഉറപ്പായി. എന്നാല്‍, മുന്‍ ബുക്കിങ്ങുകള്‍ അനുസരിച്ചുളള സേവനങ്ങളില്‍ തടസ്സം നേരിടില്ലെന്ന് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

വ്യക്തികളോ മറ്റേതെങ്കിലും നിക്ഷിപ്ത താത്പര്യക്കാരായ ഗ്രൂപ്പുകളോ ഓയോ ഹോട്ടല്‍സിന്റെ ബിസിനസ് അലങ്കോലപ്പെടുത്തുതിനെതിരെ ഡല്‍ഹി ഹൈക്കോടതി ഇന്‍ജക്ഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സാധാരണ പോലെ ബിസിനസ് നടത്തി കൊണ്ടുപോകുവാനുള്ള നിയമപരമായ പിന്തുണയും കമ്പനിക്കുണ്ട്. ചെറിയ വിഭാഗം തത്പരകക്ഷികള്‍ ഓയോ ഹോട്ടല്‍സിനെ ബഹിഷ്കരിക്കുമെന്ന് പ്രസ്താവിച്ചിട്ടുമുണ്ട്. അവരില്‍ പലരും ഓയോ ഹോട്ടല്‍സുമായി ബന്ധമുള്ളവര്‍ പോലുമല്ല. ഫ്രാഞ്ചൈസര്‍ എന്ന നിലയില്‍ ഫ്രാഞ്ചൈസികളുമായി നല്ല രീതിയിലുളള ബന്ധം തുടരും. ഏതെങ്കിലും വിധത്തില്‍ ഫ്രാഞ്ചൈസിയുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടു പോകുവാന്‍ സാധിക്കുന്നില്ലെങ്കില്‍ അതു സൗഹാര്‍ദ്ദപരമായി അവസാനിപ്പിക്കും.

ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുമ്പോഴും തങ്ങളുടെ പരമമായ ലക്ഷ്യം ഉപഭോക്താവായിരിക്കുമെന്നും ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് ഇന്ത്യ, സൗത്ത് ഏഷ്യ ചീഫ് സപ്ലൈ ഓഫീസര്‍ ആയുഷ് മാത്തൂര്‍ പറഞ്ഞു. എന്നാല്‍ ചില വ്യക്തികള്‍ കരാര്‍ റദ്ദാക്കുമെന്നും ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിക്കുകയില്ലെന്നും ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. അത്തരം നടപടികള്‍ കരാര്‍ വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കും. അതു നിയമ നടപടികളിലേക്ക് എത്തിക്കും. എന്നാല്‍, ഇത് ഒരു തരത്തിലും ഇടപാടുകാരുടെ അവകാശത്തെ ഹനിക്കുവാന്‍ അനുവദിക്കുകയില്ല. ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മാത്തൂര്‍ കൂട്ടിച്ചേര്‍ത്തു.

ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസിനെ സംബന്ധിച്ചിടത്തോളം കേരളമൊരു പ്രധാനപ്പെട്ട വിപണിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ നാലു വര്‍ഷ കാലയളവില്‍ കമ്പനി സംസ്ഥാനത്ത് 100 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. പങ്കാളികളായ ഹോട്ടലുടമകളുമായി വളരെ അടുത്ത ബന്ധമാണ് ഞങ്ങള്‍ വെച്ചു പുലര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച ഓയോ പങ്കാളികളുടെ ഹോട്ടലുകളുടേയും ഹോംസ്റ്റേകളുടേയും അറ്റകുറ്റപ്പണികള്‍ക്കായി ഒരു കോടി രൂപയുടെ പ്രത്യേക ഫണ്ട് കമ്പനി സ്വരൂപിച്ചിരുന്നു. അതുവഴി ചെറുകിട സംരംഭകര്‍ക്കു തങ്ങളുടെ ബിസിനസ് പുനരുദ്ധരിക്കുവാന്‍ സാധിച്ചുവെന്നും ഓയോ ഹോട്ടല്‍ ആന്‍ഡ് ഹോംസ് ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ സിഇഒ ആദിത്യ ഘോഷ് പറഞ്ഞു.

എല്ലാ തലത്തിലും സാമ്പത്തികാവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുത്. ഞങ്ങള്‍ ഇതിനകം കേരളത്തില്‍ നേരിട്ടും അല്ലാതെയുമായി മൂവായിരത്തിലധികം തൊഴില്‍ സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്താകെ ഞങ്ങള്‍ സൃഷ്ടിച്ച ഒരു ലക്ഷത്തിലധികം തൊഴിലില്‍ പകുതിയിലധികവും ചെറുകിട, ഇടത്തരം നഗരങ്ങളിലാണ് . 2020-ഓടെ ഇപ്പോഴത്തെ സാമ്പത്തികാവസരങ്ങള്‍ ഇരട്ടിയാക്കുവാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് ആദിത്യ ഘോഷ് കൂട്ടിച്ചേര്‍ത്തു.