ഓയോ വിയറ്റ്നാമിലേക്ക്, 90 ഹോട്ടലുകളിൽ മുറികൾ ലഭ്യമാക്കും

ഹോട്ടൽ റൂം ബുക്കിംഗ് രംഗത്തെ പ്രമുഖ കമ്പനിയായ ഓയോ വിയറ്റ്നാമിലേക്ക്. വിയറ്റ്നാമിലെ ആറ് നഗരങ്ങളിലായി 90 ഹോട്ടലുകളുമായി ധാരണയിലെത്തിയതായി ഓയോ അറിയിച്ചു. തെക്കു കിഴക്കേ ഏഷ്യൻ രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് കമ്പനി വ്യക്തമാക്കി.

വിയറ്റ്നാമിൽ 50 കോടി ഡോളർ മുതൽമുടക്കും. ഇത് വഴി 1500 പേർക്ക് തൊഴിൽ ലഭിക്കും. 2020- ഓടെ പത്തു നഗരങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. 20,000 റൂമുകൾ ഓയോ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. 2013- ൽ പ്രവർത്തനമാരംഭിച്ച ഓയോ ഇപ്പോൾ ലോക വ്യാപകമായി 23,000- ത്തിലധികം ഹോട്ടലുകളിൽ റൂമുകൾ ലഭ്യമാക്കുന്നുണ്ട്.