ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് പകരം ഇനി ഒറ്റ കാർഡ്

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സംയോജിപ്പിച്ച് ഒറ്റ കാർഡുമായി രണ്ടു ബാങ്കുകൾ എത്തുന്നു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ഇൻഡസ് ഇൻഡ് ബാങ്കുമാണ് ഉപഭോക്താക്കൾക്ക് ഏറെ സൗകര്യപ്രദമായ ഈ കാർഡ് അവതരിപ്പിച്ചത്.

‘ഡ്യൂവോ കാര്‍ഡുകള്‍’ എന്നാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഇത്തരം കാര്‍ഡുകള്‍ക്കിട്ടിരിക്കുന്ന പേര്. 2018 ഒക്ടോബറിലാണ് ഈ സംവിധാനം നിലവില്‍ കൊണ്ടുവന്നത്. യൂണിയന്‍ ബാങ്ക് സംവിധാനത്തിന് നല്‍കിയിരിക്കുന്ന പേര് ‘കോംപോ കാര്‍ഡുകള്‍’ എന്നാണ്.  കഴിഞ്ഞ നവംബറിലാണ് ഈ സംവിധാനം ബാങ്ക് ആദ്യമായി അവതരിപ്പിച്ചത്.

യൂണിയന്‍ ബാങ്ക് റുപെയുമായി സഹകരിച്ചും ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് വിസയുമായി സഹകരിച്ചുമാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് ബാങ്കുകളും ഇത്തരം കാര്‍ഡുകള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിസ, റുപെ പ്രതിനിധികള്‍ പറഞ്ഞു. ഇത്തരം കാര്‍ഡുകളുടെ രണ്ട് അറ്റങ്ങളിലും ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും. ഏത് അറ്റം സ്വൈപ്പ് ചെയ്യുന്നുവോ ആ അക്കൗണ്ടില്‍ നിന്ന് ഉപഭോക്താവിന് പണം ലഭിക്കും. കാഴ്ചയില്‍ ഇവ സാധാരണ കാര്‍ഡുകളെപ്പോലെ തന്നെയാകും. സാങ്കേതിക വിദ്യയിലാകും മാറ്റം. കാര്‍ഡിന്‍റെ ഉപഭോഗം പ്രോത്സാഹിപ്പിക്കാന്‍ റിവാര്‍ഡ് പോയിന്‍റുകളും അപകട ഇന്‍ഷുറന്‍സും ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്‍റെ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഓരോ 150 രൂപയുടെ പര്‍ച്ചേസിനും ഒരു റിവാര്‍ഡ് പോയിന്‍റ് വീതം ലഭിക്കും. രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നാല് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയാണ് യൂണിയന്‍ ബാങ്കിന്‍റെ വാഗ്ദാനം. ഇത്തരം കാര്‍ഡുകള്‍ക്ക് യൂണിയന്‍ ബാങ്ക് 200 രൂപ ഒറ്റത്തവണ സേവന നിരക്ക് ഈടാക്കും.

ഈ ശ്രേണിയിൽ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് രണ്ട് തരം കാര്‍ഡുകളാണ് പുറത്തിറക്കുന്നത്. പ്ലസ് കാര്‍ഡും, പ്രീമിയര്‍ കാര്‍ഡും. പ്ലസ് കാര്‍ഡിന് 1500 രൂപയും പ്രീമിയര്‍ കാര്‍ഡിന് 3000 രൂപയുമാണ് ഒറ്റത്തവണ ഫീസ്. ഇതിന് പുറമേ വാര്‍ഷിക സര്‍വീസ് ചാര്‍ജായി 799 രൂപയും ഈടാക്കും.