ഇതിലും വലിയ ബോണസ് സ്വപ്നത്തിൽ മാത്രം; ഒരു കോടി ഡോളര്‍ ബോണസ് നല്‍കി ജീവനക്കാരെ ഞെട്ടിച്ച് റിയല്‍ എസ്റ്റേറ്റ് കമ്പനി

ഒരു വാര്‍ഷിക ഹോളിഡേ പാര്‍ട്ടിയില്‍ അമേരിക്കയിലെ മേരിലാന്‍ഡ് റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാര്‍ക്ക് ചുവന്ന കവറുകള്‍ കൈമാറിയപ്പോള്‍ അതില്‍ എന്താണെന്ന് ആര്‍ക്കും ഒരു സൂചനയുമില്ലായിരുന്നു. എന്നാല്‍ കവര്‍ തുറന്ന് നോക്കിയതോടെ എല്ലാവരും സ്തംഭിച്ചു നിന്നുപോയി. കാരണം, സെന്റ് ജോണ്‍ പ്രോപ്പര്‍ട്ടീസിലെ 198 ജീവനക്കാര്‍ക്ക് ശരാശരി 50,000 ഡോളര്‍ സര്‍പ്രൈസ് ബോണസാണ് ലഭിച്ചത്. മൊത്തം ബോണസ് കൂടുമ്പോൾ ഏകദേശം ഒരു കോടി ഡോളറുണ്ടായിരുന്നു

“കവര്‍ തുറന്നപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല” കമ്പനി അസിസ്റ്റന്റ് പ്രോജക്ട് മാനേജര്‍ സ്റ്റെഫാനി റിഡ്വേ പറഞ്ഞു.”ഞാന്‍ കണ്ടത് ഇപ്പോഴും എനിക്ക് വിശ്വസിക്കാനായിട്ടില്ല.എനിക്ക് തോന്നിയത് ശരിയായി വിവരിക്കാന്‍ വാക്കുകള്‍ പോലുമില്ല, അത് അതിശയകരവും അവിശ്വസനീയവുമായിരുന്നു. ഞാന്‍ ഇപ്പോഴും ഞെട്ടലിലാണ്. ഇത് തീര്‍ച്ചയായും ജീവിതത്തില്‍ മാറ്റം വരുത്തും. സ്റ്റെഫാനി പറഞ്ഞു.

റിയല്‍ എസ്റ്റേറ്റില്‍ 20 ദശലക്ഷം ചതുരശ്ര അടി വികസിപ്പിച്ചെടുക്കുകയെന്ന പ്രധാന ലക്ഷ്യത്തിലെത്തിലേക്ക് തങ്ങള്‍ എത്തിയെന്ന് സെന്റ് ജോണ്‍ പ്രോപ്പര്‍ട്ടീസ് പ്രസിഡന്റ് ലോറന്‍സ് മെയ്ക്രാന്റ്‌സ് പറഞ്ഞു. തങ്ങളുടെ ലക്ഷ്യം നേടാന്‍ സഹായിച്ച എല്ലാ ജീവനക്കാര്‍ക്കും നന്ദി പറയാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഞങ്ങളുടെ ജീവനക്കാരില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും മെയ്ക്രാന്റ്‌സ് വ്യക്തമാക്കി.

ഓരോ ജീവനക്കാരനും കമ്പനിയില്‍ ജോലി ചെയ്യുന്ന വര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ പണം ലഭിച്ചത്. കമ്പനിയില്‍ കഴിഞ്ഞദിവസം ജോലിയില്‍ പ്രവേശിച്ച ജീവനക്കാരന് 100 ഡോളറായിരുന്നു ബോണസ് തുക. ഏറ്റവും കൂടുതല്‍ നല്‍കിയ ബോണസ് 2,70,000 ഡോളറും.

“എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും അത്ഭുതകരമായ കാര്യങ്ങളില്‍ ഒന്നായിരുന്നു ഇത്. എല്ലാവരും വികാരങ്ങളില്‍ മുഴുകിയിരുന്നു. അവര്‍ നിലവിളിക്കുകയും, കരയുകയുകയും, ചിരിക്കുകയും, കെട്ടിപ്പിടിക്കുകയും ജീവനക്കാരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുകയായിരുന്നു,” മെയ്ക്രാന്റ്‌സ് പറഞ്ഞു. അവര്‍ അവരുടെ ബോണസ് എന്തിനു വേണ്ടി ഉപയോഗിക്കാന്‍ പോകുന്നു എന്ന് തങ്ങളെ അറിയിച്ചിരുന്നു. ആളുകള്‍ ഇപ്പോള്‍ കടക്കെണിയിലാണെന്നും നിരവധി പേര്‍ അവരുടെ വായ്പകള്‍ അടയ്ക്കുകയാണെന്നും മെയ്ക്രാന്റ്‌സ് പറഞ്ഞു.

കുട്ടികളുടെ കോളജ് ഫണ്ടുകള്‍ക്കായി ബോണസ് ഉപയോഗിക്കുമെന്ന് 37- കാരിയായ റിഡ്വേ പറയുന്നു.””സാധ്യമായ ചില നിക്ഷേപങ്ങളും ചില ഭവന നവീകരണങ്ങളും ചെയ്യാന്‍ ഉദ്ദേശമുണ്ട്.പക്ഷേ ഭൂരിഭാഗം പണവും എന്റെ കുട്ടികളുടെ ഭാവിയിലേക്കാണ് പോകുന്നത്,””എന്നും റിഡ്വേ പറഞ്ഞു.

തങ്ങളുടെ ജീവനക്കാരെ കുറിച്ച് വളരെയധികം അഭിമാനിക്കുന്നു. അവരാണ് ഞങ്ങളുടെ കമ്പനിയുടെ വിജയത്തിന് അടിസ്ഥാനവും കാരണമെന്നും മെയ്ക്രാന്റ്‌സ് വ്യക്തമാക്കി.