ഏഷ്യയിൽ ശത കോടീശ്വരന്മാർ പെരുകും, 2023 ആകുമ്പോൾ ഇന്ത്യയിൽ വമ്പൻ പണക്കാരുടെ എണ്ണം 39 ശതമാനം കൂടും

അടുത്ത നാലു വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും അധികം അതിസമ്പന്നരുള്ള വൻകരയായി ഏഷ്യ മാറുമെന്ന് റിപ്പോർട്ട്. 2023 ആകുമ്പോൾ ലോകത്തെ 2696 ശത കോടീശ്വരന്മാരിൽ 1003 പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരിക്കും. നൈറ്റ് ഫ്രാങ്ക് എൽ എൽ പി എന്ന സ്ഥാപനം നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. 2018നും 2023നും ഇടയിൽ ഏഷ്യയിലെ വമ്പൻ കോടീശ്വരന്മാരുടെ എണ്ണം 27 ശതമാനം വർധിക്കുമെന്നാണ്  റിപ്പോർട്ട് പറയുന്നത്. യൂറോപ്പിന് 18 ശതമാനവും അമേരിക്കക്ക് 17 ശതമാനവുമായിരിക്കും വളർച്ച.

ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ വളർച്ച നേടുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്. ശത കോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യ 39 ശതമാനം വർധന കൈവരിക്കും. ഫിലിപ്പീൻസ്, ചൈന എന്നീ രാജ്യങ്ങൾ ഇന്ത്യക്ക് പിന്നിൽ വരും. ഇൻഡോനേഷ്യ, വിയറ്റ്നാം, മലേഷ്യ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നീ ഏഷ്യൻ രാജ്യങ്ങളിലും വമ്പൻ പണക്കാരുടെ എണ്ണത്തിൽ വലിയ നേട്ടം ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പണക്കാരുടെ എണ്ണത്തിൽ വൻ വർധന വരുന്ന ആദ്യത്തെ പത്തു രാജ്യങ്ങളിൽ എട്ടെണ്ണവും ഏഷ്യയിൽ നിന്നായിരിക്കും. റുമേനിയ , പോളണ്ട് എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിൽ സ്ഥാനം നേടുന്ന ഏഷ്യയിൽ നിന്ന് അല്ലാതെയുള്ള രാജ്യങ്ങൾ.