മൊറട്ടോറിയം കാലാവധി ഡിസംബർ 31 വരെ, ജപ്തി ഒഴിവാക്കും, തീരുമാനം ബാങ്കേഴ്സ് സമിതി യോഗത്തിൽ

കാർഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടി. മൊറട്ടോറിയം ഡിസംബർ 31 വരെയായാക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി [എസ്എൽബിസി]  യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. മൊറട്ടോറിയം നീട്ടിയതിന് പിന്നാലെ ജപ്തി നടപടികളും മരവിപ്പിച്ചു. പുനഃക്രമീകരിക്കാത്ത വായ്പകളിലും ഇനി ജപ്തി നടപടികൾ ഉണ്ടാവില്ല. വായ്പകൾ സംബന്ധിച്ച പരാതികൾ പരിശോധിക്കാന്‍ ജില്ലാ തലത്തിൽ ഉപസമിതി രൂപീകരിക്കാനും യോഗത്തിൽ ധാരണയായി. മൊറട്ടോറിയം നീട്ടുന്ന കാര്യം സംസ്ഥാന തല ബാങ്കേഴ്സ് സമിതിക്കു (എസ്എൽബിസി) തന്നെ തീരുമാനിക്കാമെന്നാണ് റിസർവ് ബാങ്ക് സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നത്. ഇതു കണക്കിലെടുത്തു തുടർനടപടി എങ്ങനെ വേണമെന്നാണ് ഇന്നത്തെ യോഗം ചർച്ച ചെയ്തതെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രിക്ക് പുറമെ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ, സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനർ‌ ജി.കെ. മായ, നബാർഡ് പ്രതിനിധി, വിവിധ ബാങ്കുകളുടെ ജനറൽ മാനേജർമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. മൊറട്ടോറിയം കാലാവധി അവസാനിച്ചതിനാൽ മുടക്കമുള്ള വായ്പകളിൽ ബാങ്കുകൾ ജപ്തി അടക്കമുള്ള നടപടികൾ തുടരുന്നത് തടയുകയാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. സംസ്ഥാനത്തു കൃഷി, വിദ്യാഭ്യാസ, ഭവന, ഇടത്തരം ചെറുകിട വായ്പകൾ എന്നിവ എടുത്തിട്ടുള്ള 14,13,000 പേരുണ്ടെന്നാണ് വിവരം. ഇതിൽ 543,232 പേരുടേതു കാർഷിക വായ്പകളാണ്. 131,901 പേരുടേതായി 578 കോടി രൂപയുടെ വായ്പ പുനഃക്രമീകരിച്ചിട്ടുണ്ട്. ഇതിൽ 34,682 വായ്പകൾ (637 കോടി) കാർഷിക വായ്പകളാണ്. എല്ലാ വായ്പകളും പുനഃക്രമീകരിക്കാൻ അനുവാദം ലഭിച്ചാൽ 14.13 ലക്ഷം പേർക്ക് ഗുണം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.