ഈസ്റ്റേൺ വിൽക്കാൻ മീരാൻ കുടുംബം ഒരുങ്ങുന്നു?

കറിപൗഡറുകളുടെ രംഗത്തെ ഇന്ത്യയിലെ പ്രമുഖ കമ്പനിയായ ഈസ്റ്റേൺ കമ്പനിയുടെ വലിയൊരു ഭാഗം ഷെയര്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു. പ്രമുഖ സാമ്പത്തിക ദിനപത്രമായ എക്‌ണോമിക്‌സ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

കമ്പനിയുടെ 74 ശതമാനം ഷെയറുകൾ അടിമാലി ആസ്ഥാനമായ മീരാന്‍ കുടുംബത്തിനും 26 ശതമാനം ഷെയര്‍ ആഗോള സുഗന്ധ വ്യജ്ഞന മേഖലയിലെ ഭീമന്മാരായ മക്കോര്‍മിക് ആന്റ് കോയ്ക്കുമാണ്. മക്കോര്‍മിക്കും ഓഹരി വില്‍ക്കാന്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

1,800- 2000 കോടി വരെയാണ് ഈസ്‌റ്റേണ്‍ കമ്പനിയുടെ മൂല്യം കണക്കാക്കിയിരിക്കുന്നത്. അവന്‍ഡസ് കാപ്പിറ്റല്‍ എന്ന ഏജൻസിയാണ് ഓഹരി വാങ്ങാന്‍ പറ്റിയ ആളെ കണ്ടെത്താനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ വില്‍പ്പനയ്ക്കുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിക്കും. നിലവിലെ പ്രമോട്ടര്‍മാര്‍ മുഴുവന്‍ ഓഹരികളും വില്‍ക്കുമോ അതോ ചെറിയ ഷെയര്‍ നിലനിര്‍ത്തുമോയെന്ന കാര്യം വ്യക്തമല്ല.

1989-ലാണ് എം.ഇ മീരാന്‍ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് എന്ന പേരിൽ കമ്പനി ആരംഭിച്ചത്. മസാലകള്‍, സുഗന്ധ വ്യജ്ഞനങ്ങള്‍, അച്ചാറുകള്‍, അരിയുത്പന്നങ്ങള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഈ ബ്രാന്റില്‍ അവതരിപ്പിക്കുന്നു . എം.ഇ മീരാന്റെ മക്കളായ നവാസ് മീരാനും ഫിറോസ് മീരാനുമാണ് ഇപ്പോള്‍ കമ്പനി മുന്നോട്ടു കൊണ്ടുപോകുന്നത്. കുറഞ്ഞ കാലയളവിനുള്ളിൽ ഒരു വമ്പൻ കമ്പനിയായി വളരാൻ ഈസ്റ്റേണിന് കഴിഞ്ഞു. സ്‌പൈസസ് കയറ്റുമതിക്കുള്ള നിരവധി അവാർഡുകളും കമ്പനി നേടി.

ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് ചെയര്‍മാന്‍ നവാസ് മീരാനോ മക്കോര്‍മിക്കോ തയ്യാറായിട്ടില്ല. 2010-ല്‍ ആണ് മക്കോര്‍മിക് 249 കോടി രൂപയ്ക്ക് ഈസ്റ്റേണിന്റെ 26 ശതമാനം ഓഹരി സ്വന്തമാക്കിയത്. കേരള വിപണിയിൽ 70 ശതമാനം മാർക്കറ്റ് ഷെയർ കമ്പനിക്കുണ്ട്.