കൈകൊണ്ടുള്ള നിർമാണം കൈവിടാത്ത പാരമ്പര്യവുമായി അര നൂറ്റാണ്ട് പിന്നിടുന്ന മെഡിമിക്‌സ്

രാജ്യാന്തര തലത്തിൽ ഏറെ കീർത്തി ആർജിച്ച മെഡിമിക്‌സ് ആയുർവേദ സോപ്പ് ഉത്പാദകരായ എ വി എ ഗ്രൂപ്പ് അമ്പത് വർഷം പിന്നിടുന്നു. ശുദ്ധമായ വെളിച്ചെണ്ണയും വിവിധ പച്ച മരുന്നുകളുടെ കൂട്ടും ചേർത്ത് പാരമ്പര്യ രീതിയിൽ, കൈകൊണ്ടാണ് മെഡിമിക്‌സ് സോപ്പ് ഉൽപ്പാദിപ്പിക്കുന്നത്. 2018 -19 സാമ്പത്തിക വർഷത്തിൽ 10,000 ടൺ സോപ്പ് ഉത്പാദിപ്പിക്കുക എന്ന മാജിക് മാർക്ക് മറികടക്കാൻ എ വി എ ഗ്രൂപ്പിന് കഴിഞ്ഞു. ദക്ഷിണേന്ത്യയിൽ ആറ് സോപ്പ് ഉല്പാദന പ്ലാന്റുകൾ കമ്പനിക്കുണ്ട്. ഇതിൽ ഓരോ പ്ലാന്റും പ്രതിദിനം ഒരു ലക്ഷം സോപ്പ് വീതം ഉല്പാദിപ്പിക്കുന്നു.

മെഡിമിക്‌സിന്റെ ഏറ്റവും പ്രധാന സവിശേഷത പാക്കിങ് അടക്കമുള്ള എല്ലാ ജോലികളും കൈകൊണ്ട് നിർവഹിക്കുന്നു എന്നതാണ്. വൈദ്യുതി ഉപയോഗിക്കാതെ കൈകൊണ്ടാണ് ഫാക്ടറിയിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നത്. മെഡിമിക്‌സ് തന്നെ വികസിപ്പിച്ചെടുത്ത പ്രത്യേക സുഗന്ധക്കൂട്ടാണ് ഇന്നും കമ്പനി ഉപയോഗിക്കുന്നത്.

2020 -21 സാമ്പത്തിക വർഷത്തിൽ സൗത്ത് ഇന്ത്യയിൽ നിന്ന് 500 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടർ എ. വി അനൂപ് ഹിന്ദു ബിസിനസ് ലൈന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിൽ 300 കോടി രൂപയുടെ വില്പന നേടുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
50 വർഷത്തെ മഹനീയ പ്രവർത്തനം പൂർത്തിയാക്കുന്ന കമ്പനി പുതിയ, വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ ഒരു ശ്രേണി മാർക്കറ്റിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മെഡിമിക്‌സ് ഹെയർ ഓയിൽ, ഷാംപൂ, ബോഡി വാഷ് തുടങ്ങിയ ഉത്പന്നങ്ങൾ മെഡിമിക്‌സ് മാർക്കറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. ഗ്ലിസറിൻ സോപ്പ് മൂന്ന് വ്യത്യസ്ത നിറങ്ങളിൽ വിപണിയിലെത്തിച്ചിട്ടുണ്ട്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ നിരവധി പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സോപ്പുകൾ കൈ കൊണ്ട് ഉല്പാദിപ്പിക്കുന്ന കാലം ഇല്ലാതാവുകയാണ്. എന്നാൽ നിരന്തരമായ വൈവിധ്യവത്കരണം, ചെലവ് കുറഞ്ഞ നിർമാണ രീതികൾ, മികച്ച തൊഴിലാളികൾ എന്നീ ഘടകങ്ങൾ മൂലം ലോകത്തെ ഏറ്റവും വലിയ ഹാൻഡ് മെയ്ഡ് സോപ്പ് നിർമാതാക്കളായ മാറുവാൻ മെഡിമിക്‌സിന് കഴിഞ്ഞിട്ടുണ്ട്. എഫ് എം സി ജി രംഗത്ത് മേളം, കായ്ത്ര തുടങ്ങിയ ബ്രാൻഡുകളും കമ്പനിക്കുണ്ട്. ടൂറിസം, ആയുർവേദ ചികിത്സ, സിനിമ, നിർമാണ മേഖല, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ എ വി എ ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുണ്ട്. പ്രവർത്തന രംഗത്ത് അര നൂറ്റാണ്ട് പിന്നിടുന്നതിന്റെ ഭാഗമായി ഫാക്ടറികൾക്ക് സമീപമുള്ള മേഖലകളിൽ നിരവധി വികസന പ്രവർത്തനങ്ങൾ ഈ വർഷം നടത്തും – അനൂപ് പറഞ്ഞു.