വിനോദ - മാധ്യമ വ്യവസായ രംഗത്ത് മികച്ച വളർച്ചാസാധ്യത, നവ മാധ്യമരംഗത്ത് 21.8 ശതമാനം വർദ്ധന, ഏറ്റവും കുറവ് വളർച്ച അച്ചടി മാധ്യമ മേഖലയിൽ

ഇന്ത്യയിലെ മീഡിയ ആൻഡ് എന്റർടൈൻമെന്റ് വ്യവസായ രംഗത്തെ വിറ്റുവരവ് 2023 ആകുമ്പോഴേക്ക് 451,000 കോടി രൂപയായി ഉയരുമെന്ന് പഠന റിപ്പോർട്ട്. 2018 -23 വർഷത്തേക്കുള്ള പി ഡബ്ള്യു സി മീഡിയ ആൻഡ് എന്റർടൈൻമെന്റ് ഔട്ട്ലുക്ക് അനുസരിച്ച് ഇന്ത്യയിലെ മാധ്യമ – വിനോദ വ്യവസായ രംഗത്ത് മൊത്തത്തിൽ 11.28 ശതമാനം വളർച്ച ഉണ്ടാകുമെന്ന് കണക്കാക്കുന്നു. ലോക വിപണിയിലേതിനേക്കാൾ മൂന്നിരട്ടി വളർച്ചയാണ് ഇന്ത്യയിൽ ഉണ്ടാവുക. ആഗോള തലത്തിൽ ഈ രംഗത്തെ വളർച്ച 4.3 ശതമാനം മാത്രമായിരിക്കുമെന്നാണ് കണക്കാക്കുന്നത്.

നവമാധ്യമങ്ങളുടെയും ഇന്റർനെറ്റ് അധിഷ്ഠിത പരസ്യങ്ങളുടെയും മേഖലയിലാണ് പഠനം ഏറ്റവും മികച്ച സാധ്യത കാണുന്നത്. നവമാധ്യമ രംഗത്ത് 21.8 ശതമാനം വളർച്ച പ്രോജക്ട് ചെയ്യപ്പെടുമ്പോൾ ഇന്റർനെറ്റ് അധിഷ്ഠിത പരസ്യ മേഖലയിലെ പ്രതീക്ഷിക്കുന്ന വളർച്ച 17.8 ശതമാനമാണ്.

ന്യൂ മീഡിയ രംഗത്ത് 2018ൽ നടന്നത് 4464 കോടി രൂപയുടെ ബിസിനസാണ്. 2023 ആകുമ്പോൾ ഇത് 11,976 കോടി രൂപയായി ഉയരുമെന്നാണ് റിപ്പോർട്ട് പറയുന്നത്. വിഡിയോ സബ്ക്രിപ്‌ഷൻ ബിസിനസ് 23.3 ശതമാനം ഉയരും. നവ മാധ്യമ രംഗത്ത് 2023 ൽ ഇന്ത്യ ലോകത്ത് എട്ടാം സ്ഥാനം കൈവരിക്കും. ഇന്ത്യ കൊറിയയെ കടത്തി വെട്ടുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

ഇന്റർനെറ്റ് അധിഷ്ഠിത പരസ്യ രംഗത്ത് കഴിഞ്ഞ വർഷം 8150 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായത്. 2017നെ അപേക്ഷിച്ച് 40.2 ശതമാനം വളർച്ച രേഖപ്പെടുത്തി. നടപ്പ് വർഷം ഈ രംഗത്ത് മികച്ച നേട്ടമുണ്ടാകുമെന്ന് പഠനം വ്യക്തമാക്കുന്നു. ലോക്സഭാ തിരഞ്ഞടുപ്പും ഐ സി സി ലോക കപ്പുമാണ് ഇതിന് കാരണം. 2023ൽ ഈ മേഖലയിലെ വരുമാനം 18,445 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

മ്യൂസിക്, റേഡിയോ, പോഡ്‌കാസ്റ്റ് രംഗങ്ങളിലും മികച്ച വളർച്ചയാണ് പി ഡബ്ല്യൂ സി പഠനം കാണുന്നത്. 5753 കോടി രൂപയായിരുന്നു ഈ രംഗത്ത് 2018ൽ ഉണ്ടായ വരുമാനം. അഞ്ചു വർഷം കഴിയുമ്പോൾ, 2023ൽ ഇത് 10,858 കോടിയുടേതാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പ്രിന്റ് മീഡിയ രംഗത്ത് പരസ്യ വരുമാനത്തിൽ 3.1 ശതമാനം വളർച്ച മാത്രമാണ് കാണുന്നത്. ടെലിവിഷൻ രംഗത്ത് ഇത് 10.4 ശതമാനമായിരിക്കും.