മാരുതി സുസുക്കി ബലേനോ ആർ‌എസിന്റെ വില ഒരു ലക്ഷം രൂപ കുറച്ചു

കോംപാക്റ്റ്-സെഗ് മെന്റ് മോഡലായ ബലേനോ ആർ‌എസിന്റെ വിലയിൽ ഒരു ലക്ഷം രൂപ കുറച്ചതായി മാരുതി സുസുക്കി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത മോഡലുകളുടെ വില 5,000 രൂപ കുറച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളുടെ പുതിയ നീക്കം. കഴിഞ്ഞയാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച കോർപ്പറേറ്റ് നികുതി ഇളവിനെ തുടർന്നാണ് നീക്കം.

10 വ്യത്യസ്ത മോഡലുകളുടെ വില കമ്പനി ബുധനാഴ്ച കുറച്ചിരുന്നു . ഉത്സവ സീസണിന് തൊട്ടു മുമ്പായി വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി 5,000 രൂപ വീതമാണ് കുറച്ചത്. എൻട്രി ലെവൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാരുതി സുസുക്കി പറഞ്ഞു.

ഏപ്രിൽ-ജൂൺ പാദത്തിൽ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സമ്പദ്‌വ്യവസ്ഥ ഇടിഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച 30 ശതമാനത്തിൽ നിന്ന് കോർപ്പറേറ്റ് നികുതി നിരക്ക് 22 ശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി അറിയിച്ചിരുന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുടെ വളർച്ച പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സർക്കാർ നടപടികളുടെ ഭാഗമായുള്ളതാണ് നീക്കം.