മാരുതി സുസുക്കിയിലെ 3,000 തൊഴിലാളികളുടെ ജോലി നഷ്ടപ്പെടും; സാമ്പത്തിക പ്രതിസന്ധിയും വാഹന രംഗത്തെ മാന്ദ്യവും കാരണം 

 

3,000 താത്കാലിക ജീവനക്കാരുടെ കരാർ, കമ്പനി പുതുക്കിയിട്ടില്ലെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ.സി. ഭാർഗവ പറഞ്ഞു. വാഹന വിൽപ്പനയിലെ ഇടിവിനെ തുടർന്നാണ് നടപടി, കാറുകൾ വിപണിയിൽ കെട്ടിക്കിടക്കുന്നതിനാൽ വീണ്ടും ഉത്പാദനം നടത്തുക എന്നത് പ്രയോഗികമല്ല. ഇതിനാലാണ് തൊഴിൽ നഷ്ടം ഉണ്ടാവുന്നത്.

സുരക്ഷാ മാനദണ്ഡങ്ങളും ഉയർന്ന നികുതികളും കാറുകളുടെ വിലയിൽ ഗണ്യമായ വർദ്ധന വരുത്തിയെന്നും ഇത് വാഹനങ്ങളുടെ വിൽപ്പനയെ ബാധിക്കുമെന്നും കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ഭാർഗവ ഓഹരി ഉടമകളോട് പറഞ്ഞു.

രാജ്യത്തിന്റെ പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി), ഹൈബ്രിഡ് കാറുകൾ എന്നിവയുടെ നിർമ്മാണത്തിലേക്ക് കമ്പനി നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

സിഎൻജി വാഹനങ്ങളുടെ നിർമ്മാണം ഈ വർഷം 50 ശതമാനം വർദ്ധിപ്പിക്കാനാണ് മാരുതി പദ്ധതിയിടുന്നതെന്നും ഭാർഗവ പറഞ്ഞു.

ജൂലൈയിൽ തുടർച്ചയായ ഒൻപതാം മാസവും ഇന്ത്യയുടെ വാഹന വിപണിയിൽ വിൽപ്പന കുറഞ്ഞതോടെ കൂടുതൽ ഓട്ടോമോട്ടീവ് നിർമ്മാതാക്കൾ തൊഴിലാളികളെ പിരിച്ചുവിടുകയും ചെലവ് നിയന്ത്രിക്കാൻ ഉത്പാദനം താത്കാലികമായി നിർത്തുകയും ചെയ്യുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.