വില്‍പനയിൽ ഇടിവ്, കമ്പനികൾ കാർ ഉത്പാദനം കുറയ്ക്കുന്നു, മാരുതി 18 ശതമാനം കുറച്ചു; ടൂവീലർ കമ്പനികളും പ്രതിസന്ധിയിൽ

ഇന്ത്യൻ കാർ വിപണിയിൽ അനുഭവപ്പെടുന്ന മാന്ദ്യം ഉത്പാദനം വെട്ടികുറയ്ക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി മെയ് മാസത്തിൽ ഉത്പാദനം 18.1 ശതമാനം കുറച്ചു. തുടർച്ചയായ നാലാം മാസമാണ് മാരുതി ഉത്പാദനം വെട്ടിച്ചുരുക്കുന്നത്. 2018 മെയ് മാസത്തിൽ 184,612 കാറുകൾ നിർമ്മിച്ച മാരുതി ഈ മെയ് മാസത്തിൽ ഉത്പാദിപ്പിച്ചത് 151,188 കാറുകൾ മാത്രം. ഇന്ത്യയിലെ വാഹന വില്‍പന ഏപ്രിൽ മാസത്തിൽ 17 ശതമാനത്തോളം കുറഞ്ഞതാണ് ഉത്പാദനം കുറയ്ക്കാൻ കമ്പനിയെ നിര്‍ബന്ധിതമാക്കിയത്. കഴിഞ്ഞ എട്ടു വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ മാന്ദ്യമാണ് ഇന്ത്യയിലെ വാഹന വിപണി നേരിടുന്നത്.

സൂപ്പർ കാരി എൽ സി വി ഒഴികെയുള്ള എല്ലാ മോഡലുകളുടെയും ഉത്പാദനം മാരുതി കുറച്ചിട്ടുണ്ട്. മഹീന്ദ്ര 13 ദിവസത്തേക്ക് പ്ലാന്റുകൾ ഷട്ട് ഡൌൺ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

മാന്ദ്യം ഇരുചക്ര വാഹനങ്ങളുടെ രംഗത്തും ഉത്പാദനം കുറയാൻ കാരണമായി. ഈ ക്വാർട്ടറിൽ ഉത്പാദനം മരവിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം. നിലവിലുള്ള ഇൻവെന്ററി വിറ്റു തീർക്കുന്നതു വരെ ഉത്പാദനം മന്ദഗതിയിലാക്കും.