മാന്‍ കാന്‍കോര്‍ സി.ഇ.ഒ ജീമോന്‍ കോര അസോചം സി.ഇ.ഒ ഓഫ് ദി ഇയര്‍

അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) ഏര്‍പ്പെടുത്തിയ സിഇഒ ഓഫ് ദി ഇയര്‍ 2022 അവാര്‍ഡിന് മാന്‍ കാന്‍കോര്‍ സിഇഒ ജീമോന്‍ കോര അര്‍ഹനായി. കൊല്‍ക്കത്തയില്‍ നടന്ന അസോചം ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് ആന്‍ഡ് എക്‌സലന്‍സ് അവാര്‍ഡ് ചടങ്ങിലാണ് ജീമോന്‍ കോരയ്ക്ക് അവാര്‍ഡ് സമ്മാനിച്ചത്.

സ്ഥാപനം കെട്ടിപ്പടുക്കുന്നതിലും ഇന്ത്യയിലെ ഫുഡ് ഇന്‍ഗ്രീഡിയന്റ്‌സ് മേഖലയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ചാണ്  ജീമോന്‍ കോരയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. സുഗന്ധവ്യഞ്ജന ഉല്‍പ്പാദനം, നാച്ചുറല്‍ ഇന്‍ഗ്രീഡിയന്റ്‌സ് നിര്‍മാണം എന്നിവയില്‍ ആഗോളതലത്തില്‍ പ്രശസ്തരായ കമ്പനിയാണ് മാന്‍ കാന്‍കോര്‍ ഇന്‍ഗ്രീഡിയന്റ്സ്. നാച്ചുറല്‍ ഇന്‍ഗ്രീഡിയന്റ്‌സ് നിര്‍മാണത്തില്‍ 50 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ആഗോള സുഗന്ധവ്യഞ്ജന ഉല്‍പ്പാദന രംഗത്തെ മുന്‍നിരക്കാരായ മാന്‍ കാന്‍കോര്‍ 75-ലധികം രാജ്യങ്ങളില്‍ ബിസിനസ് നടത്തുന്നുണ്ട്. കൂടാതെ ലോകമെമ്പാടും പ്രാദേശിക വിതരണ കേന്ദ്രങ്ങളും, ഇന്ത്യയില്‍ വിവിധ ഇടങ്ങളില്‍ ഫാക്ടറികളും പ്രവര്‍ത്തിക്കുന്നു. കമ്പനിയുടെ പുരോഗതിയില്‍ ഡയറക്ടറും, സിഇഒയും എന്ന നിലയില്‍ ജീമോന്‍ കോര മികച്ച സംഭാവനയാണ് നല്‍കി വരുന്നത്.

അഗ്രികള്‍ച്ചറില്‍ ബിരുദവും ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും ബിസിനസില്‍ ഡോക്ടറേറ്റും നേടിയ ജീമോന്‍, ധനം ബിസിനസ് മാഗസിന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മികച്ച ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. തൊഴിലിനോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും അര്‍പ്പണബോധവും, തന്റെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍, ഐഎസ്ബി ഹൈദരാബാദ്, ഐഐഎം കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുള്ള എക്സിക്യൂട്ടീവ് വിദ്യാഭ്യാസം ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്താന്‍ അദ്ദേഹത്തെ സഹായിച്ചു.

1994-ലാണ് ജീമോന്‍ കോര മാന്‍ കാന്‍കോറിലെത്തിയത്. അതിനുശേഷം അദ്ദേഹം കമ്പനിയില്‍ നിരവധി പുതിയ ബിസിനസ്സുകള്‍ വികസിപ്പിച്ചെടുത്തു. ഇതിന്റെ ഭാഗമായി നിരവധി വെല്ലുവിളികള്‍ നേരിടുകയും അത് തരണം ചെയ്യുകയും ചെയ്തു. 2006-ല്‍ സിഇഒ ആയി ചുമതലയേറ്റ ശേഷം പതിന്മടങ്ങ് വളര്‍ച്ചയാണ് കമ്പനിക്കുണ്ടായത്.

ടീം-ബില്‍ഡിംഗ് കഴിവ്, ശുഭാപ്തിവിശ്വാസം, ദീര്‍ഘവീക്ഷണം എന്നിവ മുതല്‍കൂട്ടാക്കി ജീമോന്‍ വ്യവസായത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്തി. സുഗന്ധവ്യഞ്ജന വ്യവസായത്തില്‍ ഏകദേശം മൂന്നു പതിറ്റാണ്ടിന്റെ അനുഭവപരിചയവും ആഗോള വെല്ലുവിളികളെക്കുറിച്ച് നല്ല അവബോധവുമുള്ള അദ്ദേഹം നിലവില്‍ സിഐഐ കേരളയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരുന്നു. ദി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് എസന്‍ഷ്യല്‍ ഓയില്‍ ആന്‍ഡ് ആരോമ ട്രേഡ് (IFEAT), ഫ്രാഗ്രന്‍സ് ആന്‍ഡ് ഫ്ളേവര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (FAFAI), ഓള്‍ ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം (AISEF), ദി ഇന്‍ഡസ് ഓണ്‍ട്രപ്രിണേഴ്‌സ് കേരള (TiE), മിന്റ് മാനുഫാക്ച്ചറേഴ്‌സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ (MMEA), ഫ്‌ളേവര്‍ റെഗുലേഷന്‍സ് ഫോര്‍ എഫ്എസ്എസ്എഐ പാനല്‍, കേരള ഏഞ്ചല്‍ നെറ്റ്‌വര്‍ക്ക് (കെഎഎന്‍) തുടങ്ങിയ നിരവധി വ്യവസായ ഫോറങ്ങളിലും ഉത്തരവാദിത്തമുള്ള സ്ഥാനങ്ങള്‍ വഹിച്ചുവരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഫ്ളേവര്‍ ആന്‍ഡ് ഫ്രാഗ്രന്‍സ് കമ്പനികളില്‍ ഒന്നായ ഫ്രാന്‍സ് ആസ്ഥാനമായ മാന്‍ ഗ്രൂപ്പിന്റെ ഭാഗമാണ് മാന്‍ കാന്‍കോര്‍. നാച്ചുറല്‍ ഇന്‍ഗ്രീഡിയന്റ്‌സ് നിര്‍മാണത്തിനായി വിവിധയിനം അസംസ്‌കൃത വസ്തുക്കളുടെ ശേഖരണം, അവയുടെ മൂല്യാധിഷ്ഠിത പ്രോസസ്സിങ്, നൂതന ഗവേഷണം, പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തികൊണ്ടുള്ള വിവിധതരം നിര്‍മാണ പ്രക്രിയകള്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ കമ്പനി വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്.