വലി നിര്‍ത്താന്‍ പറഞ്ഞു മാല്‍ബറോ സീന്‍ വിടുന്നു; പക്ഷേ...

ലോകത്തെമ്പാടുമുള്ള പുകവലിക്കാരെ ദുഃഖത്തിലാഴ്ത്തി പ്രശസ്ത സിഗരറ്റ് ബ്രാന്‍ഡ് മാല്‍ബറോ വിടവാങ്ങുന്നു.എന്നാല്‍ ഇ- സിഗരറ്റായി തിരിച്ചെത്തുന്നുമെന്ന സൂചന നല്‍കിയാണ് മാല്‍ബറോ കളം വിടുന്നത്. യു എസ് എ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതുവര്‍ഷ തീരുമാനം എന്ന നിലയ്ക്കാണ് 1990 ല്‍ ആരംഭിച്ച മാല്‍ബറോ വിപണിയില്‍ നിന്ന് പിന്‍വിലിക്കാന്‍ തീരുമാനിച്ചതെന്ന് സ്ഥാപകരായ ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ പറയുന്നു.

വില്‍പ്പന നിര്‍ത്തുന്നത് സംബന്ധിച്ച് ബ്രിട്ടനിലെ പല ദിനപത്രങ്ങളിലും വലിയ പരസ്യമാണ് കമ്പനി നല്‍കിയിരിക്കുന്നത്. മുമ്പ് ഒരു സിഗരറ്റ് കമ്പനിയും ഇതുപോലെ ചെയ്തിട്ടുണ്ടാവില്ല, ഇത് യാഥാര്‍ത്ഥ്യമാണോ എന്നുംപോലും നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും എന്ന തലക്കെട്ടോടെയാണ് ഇവര്‍ പരസ്യം നല്‍കിയിരിക്കുന്നത്. കൂടാതെ പുകവലിയില്ലാത്ത ഒരു സമൂഹത്തിനായി പ്രത്യാശിക്കുന്നുവെന്നും മാല്‍ബറോ സ്ഥാപകര്‍ പറഞ്ഞു.

പുതിയ ഉത്പന്നത്തിനുവേണ്ടിയുള്ള പരീക്ഷണത്തിനായി 2.5 ബില്യണ്‍ ബ്രിട്ടീഷ് പൗണ്ടാണ് കമ്പനി വിനിയോഗിച്ചിരിക്കുന്നത്.കൂടാതെ സ്‌മോക്-ഫ്രീ- ഫ്യൂച്ചര്‍ എന്ന പേരില്‍ ഒരു വെബ്‌സൈറ്റും സ്ഥാപിച്ചിരിക്കുകയാണ് ഫിലിപ്പ് മോറിസ്.

മാല്‍ബറോ കൂടാതെ ,ബെന്‍സണ്‍ ആന്റ് ഹെഡ്ജ്‌സ് ,റെഡ് ആന്റ് വൈറ്റ് ,ലോങ്ബീച്ച് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ലോകമെമ്പാടും അവതരിപ്പിച്ച കമ്പനിയാണ് ഫിലിപ്പ് മോറിസ്.