ഓട്ടോമൊബൈൽ പ്രതിസന്ധി രൂക്ഷമാകുന്നു, മഹീന്ദ്ര 1500 ജീവനക്കാരെ പിരിച്ചു വിട്ടു

ഈ വർഷം ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ 1500 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടതായി പ്രമുഖ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടർ പവൻ ഗോയങ്ക വ്യക്തമാക്കി. ഓട്ടോമൊബൈല്‍ മേഖലയില്‍ പ്രതിസന്ധി ഇനിയും തുടരുകയാണെങ്കില്‍ കൂടുതല്‍ പിരിച്ചുവിടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയില്‍ വരുംനാളുകളില്‍ കൂടുതൽ പേർക്ക് തൊഴില്‍നഷ്ടം ഉണ്ടാകുമെന്നതിന്‍റെ സൂചനകളാണ് മഹീന്ദ്രയുടെ എംഡി നല്‍കുന്നത്. കൂടുതല്‍ പേരെ പിരിച്ചു വിടാതിരിക്കാന്‍ നോക്കുകയാണ്. എന്നാല്‍, മേഖലയിലെ പ്രതിസന്ധി തുടര്‍ന്നാല്‍ ഞങ്ങള്‍ക്ക് പിരിച്ചുവിടല്‍ തുടരേണ്ടി വരും’ ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ജൂലൈ മാസത്തില്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ കഴിഞ്ഞ 19 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 18.71 ശതമാനം ഇടിവാണ് വില്‍പനയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏതാണ്ട് 15,000 ത്തോളം ജീവനക്കാര്‍ക്ക് മേഖലയില്‍ തൊഴില്‍ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. അടുത്ത ആറ് മുതല്‍ ഏട്ട് മാസത്തേക്ക് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കാതെ വ്യവസായത്തിന് ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനാകില്ലെന്ന് ഗോയങ്ക അഭിപ്രായപ്പെട്ടു.

മുമ്പ് വ്യവസായത്തില്‍ ഇടിവ് ഉണ്ടായപ്പോള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ധനപരമായ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. പരമാവധി ചെലവ് ചുരുക്കൽ നടപടികൾ എടുത്തു കഴിഞ്ഞുവെങ്കിലും പ്രതിസന്ധി രൂക്ഷമാകുന്നതായി അദ്ദേഹം വ്യക്തമാക്കി. സർക്കാർ പിന്തുണയില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.