മീഡിയ - എന്റർടെയ്ൻമെന്റ് രംഗത്ത് വൻകുതിപ്പ് പ്രവചിച്ച് പഠന റിപ്പോർട്ട്; 2021ൽ 2.35 ലക്ഷം കോടി രൂപയുടെ വിറ്റുവരവ്, ഓൺ ലൈൻ മീഡിയക്ക് മികച്ച വളർച്ച സാധ്യത

ഇന്ത്യയിലെ മീഡിയ,എന്റർടെയ്ൻമെന്റ് വ്യവസായത്തിന് വൻ വളർച്ച സാധ്യത പ്രവചിച്ച് ഫിക്കി – ഏണസ്റ്റ് ആൻഡ് യങ് പഠന റിപ്പോർട്ട്. 2021 ആകുമ്പോഴേക്ക് ഈ മേഖലയുടെ മൊത്തം വാർഷിക വിറ്റുവരവ് 2.35 ലക്ഷം കോടി രൂപ കവിയുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. അതായത് ഈ ബിസിനസ് രംഗം ശരാശരി 11.6 ശതമാനം വാർഷിക വളർച്ച കൈവരിക്കുമെന്നർത്ഥം. 2018ൽ 1.67 ലക്ഷം കോടി രൂപയുടെ ബിസിനസാണ് ഈ രംഗത്ത് നടന്നത്. 2017നെ അപേക്ഷിച്ച് 2018ൽ 13.4 ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞു.
ഡിജിറ്റൽ മീഡിയ രംഗത്താണ് പഠനം വലിയ തോതിലുള്ള വളർച്ച കാണുന്നത്. 2019ൽ തന്നെ ഡിജിറ്റൽ എന്റർടൈൻമെന്റ് മേഖല സിനിമയെ കടത്തിവെട്ടും. 2021 ഓടെ അത് അച്ചടി മേഖലയെയും പിന്തള്ളി കുതിക്കും എന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.

57 കോടി ഇന്റർനെറ്റ് ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇതിൽ രണ്ടര കോടി പേർ ഡിജിറ്റൽ മീഡിയ മാത്രം ഉപയോഗിക്കുന്നവരാണ്. 2021ൽ ഇവരുടെ എണ്ണം അഞ്ചു കോടി ആയി ഉയരുമെന്ന് ഫിക്കി – ഏണസ്റ്റ് ആൻഡ് യങ് റിപ്പോർട്ട് കരുതുന്നു.

2018 ൽ ടെലിവിഷൻ കാണുന്ന കുടുംബങ്ങളുടെ എണ്ണത്തിൽ 7.5 ശതമാനം വളർച്ച ഉണ്ടായി. ഇന്ത്യയിൽ മൊത്തം 19 .7 കോടി കുടുംബങ്ങൾ ടി വി പരിപാടികൾ ആസ്വദിക്കുന്നുണ്ട്. ടെലിവിഷൻ മേഖലയുടെ മൊത്തം വരുമാനം 2018 ൽ 74,000 കോടി രൂപയായി ഉയർന്നു. ഇതിൽ പരസ്യങ്ങൾ വഴിയുള്ള വരുമാനം 30,500 കോടി രൂപയാണ്. 43,500 കോടി സബ്‌സ്‌ക്രിപ്‌ഷൻ വഴിയും വന്നു. എന്നാൽ 2021 ആകുമ്പോൾ പരസ്യങ്ങളിൽ നിന്നുള്ള വരുമാനം കാര്യമായി കൂടുമെന്ന് റിപ്പോർട്ട് പ്രോജക്റ്റ് ചെയ്യുന്നു. മൊത്തം വരുമാനത്തിന്റെ 52 ശതമാനവും പരസ്യങ്ങളിൽ നിന്നായിരിക്കും. 2021 ആകുമ്പോൾ ടെലിവിഷൻ മേഖലയുടെ മൊത്തം വരുമാനം 95,500 കോടിയാകും. പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ ശരാശരി വാർഷിക വളർച്ച 10 ശതമാനമായിരിക്കും.

അച്ചടി മാധ്യമങ്ങളുടെ സാമ്പത്തിക വളർച്ച അത്ര മെച്ചമായിരിക്കില്ലെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്. 2018ൽ പ്രിന്റ് മീഡിയ മൊത്തം 30,550 കോടി രൂപയുടെ വരുമാനം നേടിയപ്പോൾ അതിൽ 21,700 കോടി രൂപയും നേടിയത് പരസ്യങ്ങളിൽ നിന്നാണ്. പക്ഷെ 2018ൽ പത്രങ്ങളുടെ പരസ്യ വരുമാനം ഒരു ശതമാനവും മാഗസിനുകളുടെത് 11 ശതമാനവും കുറഞ്ഞതായാണ് കണക്ക്. ന്യൂസ് പ്രിന്റ് വിലവർധന, രൂപയുടെ വിലയിടിവ് തുടങ്ങിയ ഘടകങ്ങൾ പ്രിന്റ് മീഡിയക്ക് ഭാവിയിൽ വലിയ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.

2019ൽ ടെലിവിഷൻ മേഖലക്ക് വലിയ സാദ്ധ്യതകൾ ഈ പഠനം കാണുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ്, ലോക കപ്പ് ക്രിക്കറ്റ് എന്നിവയാണ് ഇതിനു പ്രധാന കാരണം. ഓൺ ലൈൻ ന്യൂസ് പോർട്ടലുകളുടെ രംഗത്തും അടുത്ത രണ്ടു മൂന്ന് വർഷത്തിനുള്ളിൽ മികച്ച നേട്ടം പ്രകടമാകും. 22 കോടി ആളുകളാണ് ഡിജിറ്റൽ മീഡിയയെ വിവരങ്ങൾക്കായി ആശ്രയിക്കുന്നത്. ഇക്കാര്യത്തിൽ 22 ശതമാനം വർധന ഉണ്ടായതായി കാണുന്നു. പേജ് വ്യൂവിന്റെ കാര്യത്തിൽ 59 ശതമാനം വളർച്ചയാണ് ഉണ്ടായത്. ഇന്ത്യയിൽ ഒരാൾ ഒരു ദിവസം ശരാശരി എട്ട് മിനിട്ടാണ് ഡിജിറ്റൽ മാധ്യമങ്ങളിൽ ചെലവിടുന്നത്. 16,900 കോടി രൂപയാണ് 2018ൽ ഈ മേഖലയിലെ വിറ്റുവരവ്. ഇതിൽ 15,400 കോടിയും ലഭിച്ചത് പരസ്യത്തിൽ നിന്നാണ്. സ്മാർട്ട് ഫോണുകളുടെ എണ്ണം വർധിക്കുന്നത് ഡിജിറ്റൽ മേഖലക്ക് മികച്ച നേട്ടം നൽകുമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

വിഡിയോ സബ്‌സ്‌ക്രിപ്‌ഷൻ വരുമാനത്തിൽ മൂന്നിരട്ടി വർധന ഉണ്ടായതായി ഈ റിപ്പോർട്ട് പറയുന്നു. 1340 കോടി രൂപയാണ് ഇത് വഴിയുള്ള വരുമാനം. പ്രാദേശിക വാർത്തകൾ, ക്രിക്കറ്റ് മത്സരങ്ങളുടെ ലൈവ് തുടങ്ങിയ ഘടകങ്ങളാണ് ഈ നേട്ടത്തിന് പിന്നിൽ എന്നാണ് ഫിക്കി – ഏണസ്റ്റ് യങ് റിപ്പോർട്ട് പറയുന്നത്.