കൊച്ചിയിൽ നിന്ന് മാലിയിലേക്ക് ആഢംബര കപ്പലിൽ യാത്ര ചെയ്യാം, ആദ്യയാത്ര നവംബർ 13ന്

കടലിലൂടെ ഒരു ലക്ഷുറി യാത്ര ആഗ്രഹിക്കുന്നവർക്ക് താരതമ്യേന കുറഞ്ഞ ചെലവിൽ മാലി ദ്വീപിലേക്ക് യാത്ര ചെയ്യാൻ അവസരം ഒരുങ്ങുന്നു . ഇറ്റലി ആസ്ഥാനമായ കോസ്റ്റ ക്രൂസ് എന്ന കമ്പനിയാണ് സർവീസ് ആരംഭിക്കുന്നത്. നവംബര്‍ 13 മുതൽ കൊച്ചി തുറമുഖം കേന്ദ്രീകരിച്ച് ഈ കമ്പനി സര്‍വീസ് ആരംഭിക്കുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ച് വരെ മുടങ്ങാതെ കൊച്ചിയില്‍ നിന്നും സര്‍വീസുണ്ടാകും.

കോസ്റ്റ വിക്ടോറിയ എന്ന ആഢംബര കപ്പലാകും സര്‍വീസ് നടത്തുക. ഒരാള്‍ക്ക് മൂന്ന് രാത്രി യാത്ര ചെയ്യുന്നതിനുളള കുറഞ്ഞ നിരക്ക് 26,000 രൂപയാണ്. ഭക്ഷണം, താമസം, വിനോദ സൗകര്യങ്ങള്‍ തുടങ്ങി ആഢംബരത്തിന്‍റെ എല്ലാ സാധ്യതകളും യാത്രക്കാർക്ക് കപ്പലില്‍ ഉപയോഗിക്കാനാകും. 18 വയസില്‍ താഴെയുളള കുട്ടികള്‍ക്ക് മാതാപിതാക്കളോടൊപ്പം യാത്ര സൗജന്യമാണ്. എന്നാല്‍, ഇവര്‍ക്ക് തുറമുഖ നികുതി ഉള്‍പ്പെടെയുളള ഫീസുകൾ നല്‍കേണ്ടി വരും.

നവംബര്‍ 13ന് ആദ്യ സര്‍വീസ് തുടങ്ങും, തുടര്‍ന്ന് നവംബര്‍ 17, ഡിസംബര്‍ 11,25, ജനുവരി 8,22, ഫെബ്രുവരി 5, 19, മാര്‍ച്ച് 4 എന്നീ തീയതികളിലാണ് കൊച്ചിയില്‍ നിന്നും മാലദ്വീപിലേക്ക് സര്‍വീസുളളത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍ ഒരേ മുറി പങ്കിടുന്ന മൂന്നാമത്തെയും നാലാമത്തെയും അതിഥിക്ക് നികുതി ഉള്‍പ്പെടെ നിരക്കിന്‍റെ 50 ശതമാനം നല്‍കിയാല്‍ മതിയാകും.